himast
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഗ്രൗണ്ടില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു....


മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രി ഗ്രൗണ്ടിൽ പ്രകാശം പരത്തി ഹൈമാസ്റ്റ് ലൈറ്റ്. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.19 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി ഗ്രൗണ്ടിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ ഗ്രൗണ്ടിലെ വെളിച്ച കുറവ് സാമൂഹ്യവിരുദ്ധരടക്കമുള്ളവർക്ക് തുണയായെന്ന ആരോപണം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആശുപത്രി ഗ്രൗണ്ടിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ആശുപത്രിയിൽ വൈദ്യുതി മുടക്കം തുടർക്കഥയായതിനെ തുടർന്ന് ആശുപത്രിയ്ക്ക് സ്വന്തമായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നേരത്തെ ട്രാൻസ്‌ഫോമർ സ്ഥാപിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ, കൗൺസിലർമാരായ സെലിൻ ജോർജ്, പി.പി.നിഷ, സിന്ധു ഷൈജു, കെ.ജെ.സേവ്യർ, ആശുപത്രി വികസനസമിതി അംഗങ്ങളായ സജി ജോർജ്, കെ.എ.നവാസ്, ടി.ചന്ദ്രൻ ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു.