കൊച്ചി: ഖര മാലിന്യ സംസ്കരണ ചട്ടം ലംഘിച്ചതിന് 14.59 കോടി രൂപ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിനെതിരെ നഗരസഭാ സെക്രട്ടറി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾബെഞ്ച് മലിനീകരണ നിയന്ത്രണ ബോർഡ് മറുപടി നൽകാനും നിർദ്ദേശിച്ചു.

2018 നവംബർ 22 മുതൽ 2019 ജൂലായ് 31 വരെയുള്ള കാലയളവിൽ നഗരസഭ ഖര മാലിന്യസംസ്കരണത്തിനു നടപടികൾ സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് വ്യക്തമാക്കി 2019 ഏപ്രിൽ 17 ന് ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിനു തിരുവനന്തപുരം നഗരസഭ മറുപടി നൽകിയെങ്കിലും ഇതു പരിഗണിച്ചു തീർപ്പാക്കാതെ ഇക്കഴിഞ്ഞ സെപ്തംബർ 25 ന് 14.59 കോടി രൂപ പിഴ ഈടാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് വ്യക്തമാക്കി മലിനീകരണനിയന്ത്രണ ബോർഡ് ചെയർമാൻ മറ്റൊരു നോട്ടീസ് നൽകി. ഇതിനെയാണ് നഗരസഭ ഹർജിയിൽ ചോദ്യം ചെയ്യുന്നത്. പരിസ്ഥിതി നാശം കണക്കാക്കി ഗ്രീൻ ട്രൈബ്യൂണലാണ് പിഴ ചുമത്തേണ്ടത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടെങ്കിലും ഇത്തരത്തിൽ പിഴ ഈടാക്കാൻ കഴിയും. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് ഇത്തരമൊരു വ്യവസ്ഥകളും പാലിക്കാതെയാണ് നോട്ടീസ് നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.