kerala-highcourt

കൊച്ചി : ശബരിമലയിൽ സീസണിന്റെ പേരിൽ ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില കൂട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നൽകിയ ഹർജിയിലാണ് പരാമർശം.

മണ്ഡല - മകരവിളക്ക് സീസൺ തുടങ്ങി 18 ദിവസം പിന്നിട്ടിരിക്ക, ഇനിയെങ്ങനെയാണ് ഇടപെടാൻ കഴിയുകയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. തുടർന്ന്, ഹർജി ഇന്നു വീണ്ടും പരിഗണിക്കാൻ മാറ്റി. പത്തനംതിട്ട ജില്ലാ കളക്ടർ 2015 ലെ നിരക്കനുസരിച്ചാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചതെന്നും ഹോട്ടലുടമകളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി നിരക്ക് നിശ്ചയിച്ചത് ശരിയല്ലെന്നുമാണ് ഹർജിക്കാരുടെ വാദം. കടകളുടെ ലൈസൻസ് ഫീസിൽ വലിയ വർദ്ധന വരുത്തി. ഭക്ഷണ സാധനങ്ങളുടെ ഉല്പാദനച്ചെലവും വർദ്ധിച്ചു. ഹോട്ടൽ ഉടമകൾ പാചക വാതക സിലിണ്ടർ ദേവസ്വം ബോർഡ് സ്പോൺസർ ചെയ്ത ഏജൻസിയിൽ നിന്നെടുക്കാൻ ബോർഡ് അധികൃതർ നിർബന്ധിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു.