പിടിച്ചെടുത്തത് ഒന്നേകാൽ കിലോ കഞ്ചാവ്
കൊച്ചി: പണക്കാരാകാൻ കഞ്ചാവ് കടത്തിയ സഹോദരങ്ങളായ കോട്ടയം ഈരാട്ടുപേട്ട തലനാട് നെല്ലുവേലിൽ ആഷിക് സോണി (26), അക്ഷയ് സോണി (22), ഇരുവരുടെയും സുഹൃത്തായ കുളത്തുങ്കൽ യൂസഫ് (20) എന്നിവരെ എക്‌സൈസ് അറസ്റ്റു ചെയ്‌തു.
'ലൂക്ക ബ്രോസ്" എന്നാണ് സംഘം കഞ്ചാവുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എക്‌സൈസ് പിടികൂടിയപ്പോൾ മൂവരും കഞ്ചാവിന്റെ ഉന്മാദത്തിലായിരുന്നു. യൂസഫ് വൈറ്റില ഭാഗത്ത് ജോലി ചെയ്തപ്പോൾ അന്യസംസ്ഥാന തൊഴിലാളികളുമായി സഹൃദത്തിലായി. അവർക്കിടയിലെ ലഹരി ഉപയോഗം മനസിലാക്കി കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു. നാട്ടിൽ വിവിധ കേസുകളിൽപ്പെട്ട സഹോദരങ്ങളെ കൂടെ കൂട്ടി. കമ്പത്ത് നിന്നും കഞ്ചാവ് കടത്തി എറണാകുളത്ത് എത്തിച്ചായിരുന്നു വില്പന. കുമളി ചെക്ക്പോസ്റ്റിൽ പരിശോധന ശക്തമായതിനാൽ നാഗർകോവിൽ, തിരുവനന്തപുരം, കോട്ടയം റൂട്ടിലോടുന്ന ട്രെയിനുകളിലായിരുന്നു യാത്ര. റെയിൽവേ സംരക്ഷണ സേനയുടെ (ആർ.പി.എഫ്) പരിശോധന ഒഴിവാക്കാൻ ബാത്റൂമുകളുടെ പല ഭാഗങ്ങൾ ഇളക്കി അതിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആഷിക് സോണിയുടെ കാമുകിയുടെ സ്വർണം പണയം വച്ചാണ് കഞ്ചാവ് വാങ്ങാൻ പണം സ്വരൂപിച്ചത്. 500, 1000 രൂപയുടെ ചെറിയ പായ്‌ക്കറ്റുകളിലാക്കിയായിരുന്നു വില്പന. ആവശ്യക്കാരെന്ന വ്യാജേന സഹാേദരങ്ങളെ സമീപിച്ച എക്‌സൈസ് സംഘം ഒരുക്കിയ വലയിൽ തൃപ്പൂണിത്തുറിയിൽ വച്ച് ഇരുവരും വീഴുകയായിരുന്നു. മാസത്തിൽ മൂന്നോ നാലോ തവണകളിലായി 10 മുതൽ 20 കിലോ വരെ കഞ്ചാവ് വരെ എത്തിച്ച് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറികൾ വാടകയ്‌ക്ക് എടുത്ത് വില്പന നടത്തിയിരുന്നു.
ഒരു കിലോയ്ക്ക് മുകളിൽ കഞ്ചാവ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബു, എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ് ,സിജി പോൾ, പി.എക്സ് റൂബൻ, എം.എം.അരുൺ, രതീഷ്, വിപിൻദാസ്, സിദ്ധാർത്ഥകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.