കൊച്ചി: ഡെങ്കിപ്പനിയെ തുരത്തിയെന്ന് ഭരണകൂടവും ആരോഗ്യവകുപ്പും അവകാശപ്പെടുമ്പോഴും പനിപ്പേടി വിട്ടുമാറാതെ കൊച്ചി നഗരം. നഗരത്തിനകത്തെ ഉദയ, പി ആൻഡ് ടി കോളനിയിൽ പത്തുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ കോളനിനിവാസികളും നഗരവാസികളും ഒരുപോലെ പേടിയിലാണ്. കഴിഞ്ഞ ദിവസമാണ് കടവന്ത്രയിൽ ഡെങ്കിപ്പനി ബാധിച്ച് ഗർഭിണി മരിച്ചത്.

അവസരോചിതമായി ഇടപെടാത്ത ഭരണകൂട സംവിധാനങ്ങൾക്കെതിരെ ജനരോഷം ശക്തമാവുകയാണ്. ജനത്തെ കൃത്യമായി ബോധവത്കരിക്കുന്നതിന് പകരം പരിസരം വൃത്തിഹീനമാണെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണിപ്പെടുത്തലാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ അത്തരം ആരോപണം ആരോഗ്യവകുപ്പ് നിഷേധിച്ചു. ഡെങ്കിപ്പനി പേടി മാറ്റാൻ ഇന്നലെ ജില്ലാ ആരോഗ്യവിഭാഗം യോഗം വിളിച്ചു ചേർത്തു സ്ഥിതി വിലയിരുത്തി.

ഡെങ്കിപ്പനിയെ പേടിച്ച് ഉദയ കോളനിയിലുള്ളവർക്കായി നിർമ്മിക്കുന്ന ഭവന നിർമ്മാണ പദ്ധതികൾ നിലവിൽ മുടങ്ങിയ അവസ്ഥയിലാണ്. പണിക്കായി എത്തിയിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തിലാണിത്. നിലവിൽ 128 കുടുംബങ്ങളാണ് ഉദയകോളനിയിൽ താമസിക്കുന്നത്. ഇതിൽ 30 ശതമാനം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നതാണ്. പരിശോധനയിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾക്ക് വളരാനുള്ള സാഹചര്യമാണ് കോളനിയിൽ ഉള്ളതെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ശേഖരിച്ചു വച്ചിരിക്കുന്ന ശുദ്ധജലം,​ മഴവെള്ളം കെട്ടിക്കിടക്കാനുള്ള ടാർപോളീൻ ഷീറ്റുകൾ,​ ടയറുകൾ തുടങ്ങിയവയെല്ലാം ഓരോ വീടുകളിലുമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

മൊബൈൽ ഫീവർ ക്ളിനിക്

വീടുകൾ കയറിയിറങ്ങിയുള്ള നിരീക്ഷണം

ഫോഗിംഗ് ശക്തമാക്കുക

കൊതുകിനെ അകറ്റാൻ റപ്പലന്റ് ഉപയോഗിക്കാൻ ബോധവത്കരണം

ബോധവത്കരണത്തിനായി അനൗൺസ്മെന്റ് ഉൾപ്പെടെയുള്ള പ്രവർത്തനം

മൊബൈൽ ഫീവർ ക്ളിനിക്

നിലവിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പനി പടർന്നു പിടിക്കുന്ന ഇടങ്ങളിൽ മൊബൈൽ ഫീവർ ക്ളിനിക് ആരംഭിക്കാനുൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

കൃത്യമായ ബോധവത്കരണം നടത്തിണം

വീട് നിർമ്മാണത്തിനായി ഇറക്കിയ ഓടും മറ്റുവസ്തുക്കളും മാറ്റിയില്ലെങ്കിൽ 50,000 രൂപ പിഴ ഈടാക്കുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോളനിക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അതിന് പകരം കൃത്യമായ ബോധവത്കരണം നടത്തിയാൽ ഡെങ്കിപ്പേടിയിൽ നിന്ന് ജനത്തെ രക്ഷിക്കാം.

അജയകുമാർ, പൊതുപ്രവർത്തകൻ

നടപടിയെടുക്കും

ആരോഗ്യവകുപ്പ് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നത് സത്യമാകാനിടയില്ല. പകർച്ചവ്യാധി പടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികാരമുണ്ട്. എന്നാൽ പിഴ ഈടാക്കുകയല്ല ചെയ്യാറുള്ളത്.

ഡോ. എൻ.കെ കുട്ടപ്പൻ, ഡി.എം.ഒ