കൊച്ചി : ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് മദ്ധ്യസ്ഥത വഹിക്കാമെന്ന ഇതര ക്രൈസ്തവസഭാ തലവന്മാരുടെ വാഗ്ദാനം ഓർത്തഡോക്സ് സഭ തള്ളി.. ഇനി ചർച്ച ആവശ്യമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കിയാൽ മതിയെന്നും സഭ വ്യക്തമാക്കി. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. സൂസെപാക്യം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തുടങ്ങിയവരാണ് മധ്യസ്ഥ ചർച്ചയ്ക്ക് കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചത്. ചർച്ചയെ യാക്കോബായസഭ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, സഭാതർക്കത്തിൽ ചർച്ചയ്ക്ക് സാദ്ധ്യതകളില്ലെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. സുപ്രീം കോടതി വിധി വന്നുകഴിഞ്ഞു. വിഷയം സഭയുടെ ആഭ്യന്തര കാര്യമാണെന്നും ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനം സംഘടിപ്പിച്ച സഹനസമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പാത ക്രൈസ്തവസഭയ്ക്ക് യോജിച്ചതല്ല. വിധി നടപ്പാക്കുന്നതിൽ സർക്കാർ നിസംഗത തുടരുകയാണ്. കോടതി വിധി അംഗീകരിക്കില്ലെന്ന് പറയുന്ന യാക്കോബായ വിഭാഗത്തിന്റെ നിലപാട് അരാജകത്വമാണെന്നും കത്തോലിക്കാബാവ പറഞ്ഞു.
തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്താ യൂഹാനോൻ മിലീത്തോസ്, ഒ.സി.വൈ.എം പ്രസിഡന്റും നിരണം ഭദ്രാസന മെത്രാപ്പൊലീത്തായുമായ യൂഹാനോൻ ക്രിസോസ്റ്റമോസ്, സിനഡ് സെക്രട്ടറി ഡോ. യുഹാനോൻ ദിയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം മിന്റ മറിയം വർഗീസ്, എൽജോവ് സി. ചുമ്മാർ, തോമസ് പോൾ റമ്പാച്ചൻ തുടങ്ങിയവർ പങ്കെടുത്തു