വൈപ്പിൻ: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെസ്റ്റേൺ വിഭാഗം ഗിത്താർ മത്സരത്തിലെ വിധി നിർണയത്തിൽ ഗൂഢാലോചന നടന്നെന്നാരോപിച്ച് സഹോദരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനവനീത് കൃഷ്ണയുടെ പിതാവ് എടവനക്കാട് മറ്റപ്പിള്ളി എം.ടി.ഷാജി വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. വിധി നിർണ്ണയം റദ്ദാക്കി വേറെ വിധികർത്താക്കളെക്കൊണ്ട് മത്സരത്തിന്റെ വീഡിയോ പരിശോധിച്ച് വീണ്ടും വിധി നിർണ്ണയം നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. മത്സരത്തിനിടെ 20-ാമത്തെ മത്സരാർത്ഥിയുടെ പ്രകടനം തുടങ്ങുന്നതിന് മുമ്പ് വിധികർത്താക്കൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പുറത്തുപോയി. പരസ്പരം ചർച്ച നടത്തിയതിനുശേഷമാണ് തിരിച്ചെത്തിയതെന്നും പരാതിയിൽ പറയുന്നു.