bsnl
ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ഒക്ടോബർ ,നവംബർ മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാത്ത ബി.എസ്.എൻ.എൽ മാനേജ്മെന്റിനെതിരെ മൂവാറ്റുപുഴ കസ്റ്റമർ സർവീസ് സെന്ററിനു മുൻപിൽ ജീവനക്കാർ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ഒക്ടോബർ ,നവംബർ മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാത്ത ബി.എസ്.എൻ.എൽ മാനേജ്മെന്റിനെതിരെമൂവാറ്റുപുഴ കസ്റ്റമർ സർവീസ് സെന്ററിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ബി.എസ്.എൻ.എൽ മേഖലയിൽ നടപ്പിലാക്കുന്ന വാളന്ററി റിട്ടയർമെന്റ് സ്കീമിലേക്ക് കൂടുതൽ ജീവനക്കാരെ ചേർക്കാനാണ് ശമ്പളം മനപൂർവ്വം താമസിപ്പിക്കുന്നതെന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ടെലികോം ഡിപ്പാർട്ടുമെന്റിനോ, അല്ലങ്കിൽ കേന്ദ്ര സർക്കാരിന് തന്നെ ശമ്പള വിതരണത്തിൽ ബി.എസ്.എൻ.എലിനെ സഹായിക്കാവുന്നതാണ്. ടെലികോം ഡിപ്പാർട്ടുമെന്റ് ബി.എസ്.എൻ.എലിന് കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണ പാക്കേജിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫോർ ജി സ്പെക്ട്രവും സാമ്പത്തിക സഹായവും നടപ്പിലാക്കാൻ സർക്കാർ തയ്യാറാവുന്നില്ല. സ്വകാര്യ ടെലികോം കമ്പനികൾ 46% ആണ് നിരക്ക് വർധിപ്പിച്ചത്.കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ സ്പെക്ട്രം ചാർജും റവന്യൂ ഷെയറിംഗ് ഉൾപ്പെടെ സ്വകാര്യ ടെലികോം കമ്പനികൾ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടി രൂപ കേന്ദ്ര സർക്കാരിന് കൊടുക്കാനുണ്ടന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസി.സെക്രട്ടറി കെ.മോഹനൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായിച്ചാൽ ബി.എസ്.എൻ.എലിന് തീർച്ചയായും ലാഭത്തിലെത്താൻ കഴിയുമെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.മൂവാറ്റുപുഴ കസ്റ്റമർ സർവീസ് സെന്ററിനു മുന്നിൽ ചേർന്ന പ്രതിഷേധ പ്രകടനം കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.പി.കെ.രാജു, കെ.മുകുന്ദൻ, വി.എം.പൗലോസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.