കൊച്ചി: സ്മാർട്ട് സിറ്റി ഉൾപ്പെടെ കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട പല പദ്ധതികളും സ്തംഭനാവസ്ഥയിലാണെ പ്രചാരണങ്ങൾ മേയർ സൗമിനി ജെയിൻ നിഷേധിച്ചു. പദ്ധതി വിജയിക്കാത്ത സാഹചര്യത്തിൽ സ്മാർട്ട് കൊച്ചിയുടെ മെല്ലെപ്പോക്കിന് നഗരസഭയെ മാത്രം പഴിചാരുന്നത് ശരിയല്ല. റോഡ് നവീകരണത്തിന് ഒന്നര വർഷം മുമ്പ് കൗൺസിൽ അംഗീകാരം നൽകിയിട്ടും പദ്ധതി തുടങ്ങിയിട്ടില്ല. തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറുന്നതിനും ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയുടെ ഡി.പി.ആറിനും ടെൻഡറിനും അംഗീകാരം നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രോജക്ട് ഡിസൈൻ അംഗീകരിച്ച എറണാകുളം മാർക്കറ്റ് നവീകരണം ഒന്നുമായില്ല. മാർക്കറ്റ് അസോസിയേഷനും കോർപ്പറേഷനും തമ്മിൽ ധാരണയില്ലെന്ന പ്രചാരണങ്ങളും മേയർ തള്ളി.അതീവ ഗൗരവത്തോടെയാണ് സ്മാർട്ട് സിറ്റീസ് മിഷൻ ലിമിറ്റഡ് സമർപ്പിക്കുന്ന പദ്ധതികളെ സമീപിക്കുന്നത്. ഇവ താമസിപ്പിക്കുന്നതിനുള്ള ബോധപൂർവമായ യാതൊരു ശ്രമങ്ങളും കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പരസ്പരം സഹകരിച്ചു നിന്ന് പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയില്ല . സംസ്ഥാന സർക്കാറിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഡയറക്ടർ ബോർഡാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റേത്. അതിനാൽ തന്നെ സി.എസ്.എം.എലിന് വരുന്ന വീഴ്ച്ചകൾ കോർപ്പറേഷന്റെ പിഴവാകുന്നത് എങ്ങനെയാണെന്ന് മേയർ ചോദിക്കുന്നു. രാഷ്ട്രീയ അസ്ഥിരതകൊണ്ടോ മറ്റ് കാരണങ്ങൾകൊണ്ടോ യാതൊരു പ്രവർത്തനങ്ങളും സ്തംഭിച്ചിട്ടില്ല. കോർപ്പറേഷൻ എന്ന സ്ഥാപനം പതിറ്റാണ്ടുകളായി നേരിടുന്ന പരിമിതികൾ മാത്രമാണ് മെല്ലെപോക്കിന് കാരണം.
അമ്പത് ശതമാനം വിഹിതം ഉള്ള കമ്പനിയെന്ന നിലയിൽ ആ സ്ഥാപനത്തിന്റെ വീഴ്ചയും കുറ്റങ്ങളും കുറവുകളും ഏറ്റെടുക്കാനും തയ്യാറാണെന്നും എന്നാൽ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും ആവശ്യമായ പ്രാതിനിധ്യം നൽകാതെ കുറ്റങ്ങൾ മാത്രം കോർപ്പറേഷന്റെ മേൽ ചുമത്തുന്നത് അംഗീകരിക്കില്ലെന്നും മേയർ അറിയിച്ചു.