തോപ്പുംപടി: ദാഖി ദുരന്തത്തിന് ശേഷം താറുമാറായ ചെല്ലാനം ഗ്രാമ പഞ്ചായത്തിന് പുതുജീവൻ.

ചെല്ലാനം പഞ്ചായത്തിന്റെ കാർഷിക ഹരിത പെരുമ വീണ്ടെടുക്കാൻ വിവിധ കാർഷിക പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി മന്ത്രി വി.എസ്.സുനിൽകുമാറിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പഠനസംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുവാൻ കൃഷി ഡയറക്ടർക്ക് നിർദ്ദേശം നൽകി. പദ്ധതി നടത്തിപ്പിനായി കൃഷി ഡയറക്ടറെ നിയമിച്ചു. തുടർന്ന് വലിയ വിദഗ്ദ സംഘം സന്ദർശനം നടത്തി 16 കോടിയുടെ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു.

നാഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ നിന്ന് ഗൗഡസാരസ ബ്രാഹ്മണർക്കൊപ്പം ചെല്ലാനത്ത് എത്തിയ കുടുംബി സമുദായമാണ് ചെല്ലാനത്തിന്റെ കാർഷിക മേഖലയെ ചിട്ടപ്പെടുത്തി വളർത്തിയെടുത്തത്. ഗ്രാമത്തിന്റെ 650 ഹെക്ടർ കൃഷിയിടങ്ങളിൽ കാർഷിക വളർച്ചക്ക് ഒപ്പം ഉൾനാടൻ മത്സ്യസമ്പത്തിന്റെ ലഭ്യതയും ഗണ്യമായി ഉയർത്താൻ കഴിയും. നല്ല ഭക്ഷണം, നല്ല ആരോഗ്യം, വിദ്യാലയ കാർഷിക പദ്ധതി, നാടൻ പച്ചക്കറി, വിത്ത് ബാങ്ക്, നെൽകർഷക കൂട്ടായ്മകൾ, കൂൺകൃഷി തുടങ്ങി നിരവധി പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ശനിയാഴ്ച വൈകിട്ട് 3ന് കണ്ടക്കടവ് സേവ്യർ സ്കൂൾ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും.കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഹൈബി ഈഡൻ എം.പി, മുൻ എം.പി.പി.രാജീവ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ, സ്നേഹിൽ കുമാർ സിംഗ്, അഡ്വ.കെ.എക്സ്.ജൂലപ്പൻ, കെ.എസ്.ഷൈജ, മേഴ്സി ജോസി തുടങ്ങിയവർ സംബന്ധിക്കും.

16 കോടി രൂപ വികസന പദ്ധതി

മറ്രു പദ്ധതി കൾ

കൃഷിക്കൊപ്പം മത്സ്യം, മൃഗസംരക്ഷണം, ടൂറിസം പദ്ധതി എന്നിവക്ക് വഴി തുറക്കുന്നു. കടൽ, ഉൾനാടൻ മത്സ്യ സംഭരണ സംസ്ക്കരണവ്യവസായ ശൃഖല, വ്യാപകമായ താറാവ് കൃഷിയോടൊപ്പം മാംസ സംസ്ക്കരണ യൂണിറ്റ്, ഗ്രാമീണ ടൂറിസം തുടങ്ങിയ പദ്ധതികൾക്കും വഴി തുറക്കും.