പറവൂർ : റെന്റ് എ കാർ തർക്കത്തിൽ വെടിമറ മുബാറക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളടക്കം ആറു പേർ അറസ്റ്രിൽ. മാഞ്ഞാലി തെക്കേതാഴം തോപ്പിൽ റംഷാദ് (24) മാവിൻചുവട് സ്വദേശികളായ കണ്ടാരത്ത് അഹമ്മദ് (35) ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (21) സി.പി.എം മാവിൻചുവട് ബ്രാഞ്ച് സെക്രട്ടറി തോട്ടുങ്കൽ ഫറൂഖ് (35), കളത്തിൽ സജീർ (32), പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മുപ്പത്തടം എരമം കാട്ടിപ്പറമ്പിൽ അബ്ദുൾ മജീദ് (34) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതികളായ റംഷാദ്, അഹമ്മദ്, സാലിഹ് എന്നിവർ ഇന്നലെ പുലർച്ചെ അങ്കമാലിയിൽ വച്ച് അഭിഭാഷകൻ മുഖേന പൊലീസിന് കീഴടങ്ങിയതാണ്. മറ്റു രണ്ടു പേരെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
മജീദിനെ ഇന്നലെയാണ് പിടികൂടിയത്. പ്രധാന പ്രതികളിലൊരാളായ വലിയവീട്ടിൽ റിയാസ് (35)നെ പിടികൂടാനുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെയും തർക്കത്തിൽ ഇടപെട്ടവരെയും കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികൾ പാടത്തേയ്ക്ക് വലിച്ചെറിഞ്ഞെന്നാണ് മൊഴി. സംഭവത്തിനു ശേഷം റംഷാദ്, അഹമ്മദ്, സാലിഹ്, റിയാസ് എന്നിവർ മജീദിന്റെ കാറിൽ മുപ്പത്തടത്തുള്ള വീട്ടിലേയ്ക്കാണ് പോയത്. റംഷാദ്, അഹമ്മദ്, സാലിഹ് എന്നിവർ ആലുവ റെയിൽവേ സ്റ്രേഷനിൽ നിന്നും മംഗലാപുരത്തേയ്ക്ക് പോയി. റിയാസ് കാറുമായി ഒറ്റക്കു പോയി. മംഗലാപുരത്തു നിന്നും പ്രതികൾ അഭിഭാഷകനുമായി ബന്ധപ്പെട്ട് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. ചൊവ്വാഴ്ച മൂന്നു പേരും അങ്കമാലിയിലേയ്ക്ക് മടങ്ങിയെത്തി. മുൻകൂട്ടി അറിയിച്ചതനുസരിച്ച് പൊലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ വസ്ത്രങ്ങൾ മാറിയ മുപ്പത്തടത്തെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ആറു പ്രതികളെയും റിമാൻഡ് ചെയ്തു.