ആലുവ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ മാർക്ക്ദാന വിവാദത്തിൽ ഗവർണറുടെ പ്രസ്താവന ഗൗരവമേറിയതാണെന്നും, സ്ഥിതിഗതികൾ ഗുരുതരമായതിനാലാണ് ഗവർണർക്ക് പ്രതികരിക്കേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടലുകൾ കൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല നിലവാരത്തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിയെന്നാണ് ഗവർണറുടെ പ്രതികരണം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ മന്ത്രി ജലീൽ രാജി വയ്കണം. മന്ത്രി അമിതാധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയാണ്. ചട്ടങ്ങൾ ലംഘിച്ച് നൂറിലധികം വിദ്യാർത്ഥികളെ അഞ്ച് മാർക്ക് വെറുതേ നൽകി വിജയിപ്പിച്ചു. പരാതിയെ തുടർന്ന് സിൻഡിക്കേറ്റ് എടുത്ത തെറ്റായ തീരുമാനം തിരുത്തിയെന്നതും വസ്തുതാവിരുദ്ധമാണ്. നൽകിയ ഡിഗ്രി റദ്ദ് ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണർക്കാണ്.കേരള സർവ്വകലാശാലയിലെ മാർക്ക് ക്രമക്കേട് സോഫ്റ്റ്‌വെയർ തകരാറാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. സർവ്വകലാശാലയിലെ കലണ്ടർ വരെ തീരുമാനിക്കുന്നത് മന്ത്രിയാണ്. സാങ്കേതിക സർവ്വകലാശാലയിലും ഇതു തന്നെയാണ് സ്ഥിതി. മന്ത്രിക്ക് സർവ്വകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ല.
. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർത്തതിലും പ്രതിഷേധിച്ച് ഡിസംബർ 12ന് യു.ഡി.എഫ് കളക്ടറേറ്റ് മാർച്ചും 20ന് കെ.പി.സി.സി സമരപരിപാടികളും നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.