കൊച്ചി : ഗോശ്രീ പാലങ്ങളിലെയും അപ്രോച്ച് റോഡുകളിലെയും അനധികൃത പാർക്കിംഗ് തടയാൻ എന്തു നടപടിസ്വീകരിക്കാനാവുമെന്ന് സിറ്റി പൊലീസ് കമ്മിഷണറും ഗോശ്രീ വികസന അതോറിറ്റിയും (ജിഡ) എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികൃതരും അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വല്ലാർപാടം, വൈപ്പിൻ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളിലും അനുബന്ധ റോഡുകളിലുമുള്ള അനധികൃത പാർക്കിംഗിനെതിരെ എളങ്കുന്നപ്പുഴയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അപെക്സ് കമ്മിറ്റി സെക്രട്ടറി പി.കെ. മനോജ്, അനിൽ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലം കണ്ടില്ലെന്നും അനധികൃത പാർക്കിംഗ് മൂലം ഇൗ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. മീൻ കൊണ്ടുപോകാനായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പോലുംറോഡിൽ പാർക്ക് ചെയ്യുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു