ആലുവ: ഓട്ടത്തിനിടയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാർ തെറിച്ചുവീണു. ഇന്നലെ രാവിലെ 8.30 ഓടെ ചാലക്കൽ എം.എൽ.എ പടിയിലാണ് അപകടമുണ്ടായത്. ചാലക്കൽ ദാറുസലം സ്‌കൂളിലെ വിദ്യാർഥിനി മൈമൂനത്ത് സെനിയയും (15) മറ്റൊരു സ്ത്രീയുമാണ് വീണത്. ഇരുവർക്കും ചെറിയ പരിക്കുകൾ പറ്റി.
പെരുമ്പാവൂരിൽ നിന്ന് ആലുവക്ക് വരികയായിരുന്ന ബസിൽ തിരക്ക് കൂടുതലായിരുന്നു. അതിനാൽ തന്നെ തൊട്ട് മുൻപുള്ള സ്‌റ്റോപ്പിൽ നിന്ന് കയറിയവർ വാതിൽപടികളിലാണ് നിന്നിരുന്നത്. എം.എൽ.എ പടിയിലെ വളവ് തിരിച്ചപ്പോൾ വാതിൽ തുറന്ന് പോകുകയായിരുന്നു. കെ.എസ്.ആർ.ടി.സി ദേശസാൽകൃത റൂട്ടായ ഇവിടെ യാത്ര ക്ലേശം ഏറെയാണ്. നാളുകളായി ബസുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടൽ സമീപ കാലത്ത് നിരവധി ട്രിപ്പുകൾ ഒഴിവാക്കുകയും ചെയ്തു. ഇതാണ് ബസുകളിൽ തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയത്.