പറവൂർ : ഉണങ്ങി മറിഞ്ഞുവീണ അടക്കാമര പൊത്തിനുള്ളിൽ നിന്നും പുറത്ത് വന്നത് മൂന്ന് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. കിഴക്കേപ്രം കീഴോത്ത് വീട്ടിൽ സുജാത വേണുഗോപാലിനാണ് വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ കിട്ടിയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ഒരാഴ്ചത്തെ പ്രായം കാണും. വീഴ്ചയിൽ പരിക്കൊന്നുമില്ല. കുഞ്ഞുങ്ങളെ വീട്ടമ്മ പറവൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോടനാടുള്ള ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.