kmml

കൊച്ചി : സ്വന്തമായി ആവശ്യത്തിന് ഇൽമനൈറ്റ് ഉല്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെ.എം.എം.എൽ) സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിൽ അഴിമതി ആരോപിക്കുന്നത് അടിസ്ഥാനരഹിതമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.

ടൈറ്റാനിയം ഓക്സൈഡ് ഉല്പാദനത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കളിൽ 65 ശതമാനത്തോളം സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങുമ്പോൾ ഇൽമനൈറ്റ് വാങ്ങുന്നതിൽ മാത്രം ക്രമക്കേട് ആരോപിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.കമ്പനിയുടെ മുഖ്യ അസംസ്കൃതവസ്തു ഇൽമനൈറ്റാണ്. ഖനനവുമായി ബന്ധപ്പെട്ട തടസങ്ങൾ മൂലം ഏതാനും വർഷങ്ങളായി സ്വന്തം യൂണിറ്റിൽ ആവശ്യത്തിന് ഇൽമനൈറ്റ് ഉല്പാദിപ്പിക്കാൻ കഴിയുന്നില്ല.

മികച്ച ഇൽമനൈറ്റ് ലഭിക്കാത്തപ്പോൾ ബെനിഫിഷിയേറ്റഡ് ഇൽമനെെറ്റും സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങാറുണ്ട്. പുറത്തുനിന്ന് വാങ്ങുമ്പോൾ കമ്പനിയുടെ പ്രവർത്തനലാഭത്തിൽ കുറവുണ്ടാകും.

ബെനഫിഷിയേറ്റഡ് ഇൽമനൈറ്റ് വാങ്ങുമ്പോൾ ലാഭത്തിൽ വീണ്ടും കുറവുണ്ടാകും. വാങ്ങാതിരുന്നാൽ ഉല്പാദനം കുറയുകയും പ്രവർത്തന നഷ്ടം സംഭവിക്കുകയും ചെയ്യും.

സ്വന്തം ഇൽമനൈറ്റ് ഉപയോഗിച്ച് ടൈറ്റാനിയം ഡയോക്സൈഡ് ഉല്പാദിപ്പിക്കുമ്പോൾ ഒരു മെട്രിക് ടണ്ണിന് 1,22,250 രൂപ ചെലവും 78,750 രൂപ പ്രവർത്തനലാഭവും ലഭിക്കും. സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങിയാൽ ചെലവ് 1,33,250 രൂപയും പ്രവർത്തനലാഭം 67,750 രൂപയുമാകും. ബെനഫിഷിയേറ്റഡ് ഇൽമനൈറ്റ് വാങ്ങുമ്പോൾ ചെലവ് 1,74,150 രൂപയും പ്രവർത്തനലാഭം 26,850 രൂപയുമാകും.

സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങേണ്ടിവന്നാലും കെ.എം.എം.എല്ലിന് ലാഭകരമായി പ്രവർത്തിക്കാൻ കഴിയും. സ്വന്തം ഇൽമനൈറ്റ് ലഭ്യമല്ലാത്ത സന്ദർഭങ്ങളിൽ പുറത്തുനിന്ന് വാങ്ങാതിരിക്കാൻ കഴിയില്ല. ഉല്പാദന പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉൾപ്പെടെ വാങ്ങുന്നത് സ്വകാര്യ മേഖലയിൽ നിന്നാണ്. അസംസ്കൃതവസ്തുക്കളും രാസവസ്തുക്കളും ഉൾപ്പെടെ 65 ശമാനം സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങുന്നവയാണ്. അതു കാണാതെ ഇൽമനെറ്റ് വാങ്ങുന്നതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് കമ്പനിയെ നഷ്ടത്തിലാക്കി തകർക്കാനുള്ള ചിലരുടെ നീക്കമാണെന്ന് ആരോപണം ശക്തമാണ്.

നീണ്ടകരയ്ക്കും കായംകുളത്തിനുമിടയിലെ തീരത്തെ മണലിൽ നിന്നാണ് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഇൽമനെെറ്റ് ലഭിക്കുന്നത്. ഇവിടെ നിന്ന് മണൽ ഖനനം ചെയ്ത് സ്വന്തം നിലയിൽ ഇൽമനൈറ്റ് ഉദ്പാദിപ്പിക്കാൻ അവസരം ഒരുക്കിയാൽ മികച്ച ലാഭത്തിൽ പ്രവർത്തിക്കാൻ കെ.എം.എം.എല്ലിന് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1.15 കോടി രൂപയുടെ നഷ്ടം

1993 മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന കെ.എം.എം.എൽ 2013-14, 2014-15 വർഷങ്ങളിൽ നഷ്ടത്തിലായി. വീണ്ടും ലാഭം നേടിയെങ്കിലും 2019 മാർച്ച് മുതൽ ഒക്ടോബർ വരെ 1.15 കോടി രൂപയുടെ പ്രവർത്തനനഷ്ടം രേഖപ്പെടുത്തി.

2017-18 ൽ 185 കോടിയും 2018-19 ൽ 163 കോടി രൂപയും ലാഭം നേടിയ കമ്പനിയാണ് ഇപ്പോൾ നഷ്ടത്തിലായത്. ഉല്പാദന ചെലവിലെ വൻ വർദ്ധനവും അസംസ്കൃത വസ്തുക്കൾ പുറത്തു നിന്ന് വാങ്ങേണ്ടിവന്നതുമാണ് തിരിച്ചടിയ്ക്ക് കാരണം. സ്വന്തമായി ഇൽമനൈറ്റ് ഉല്പാദിപ്പിക്കാൻ സാഹചര്യം ഒരുക്കുകയാണ് പ്രധാനമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.