tvm-district-court

കൊച്ചി : വഞ്ചിയൂർ കോടതിയിലെ പ്രശ്നം പരിഹരിക്കാൻ ബാർ കൗൺസിൽ ചെയർമാനും പ്രതിനിധികളും അഡ്വക്കേറ്റ് ജനറലിനൊപ്പം ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും. ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. വഞ്ചിയൂരിൽ സന്ദർശനം നടത്തിയ ബാർ കൗൺസിലിന്റെ സംഘം കണ്ടെത്തിയ വിവരങ്ങൾ ഇന്ന് ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കും. നേരത്തെ സംഘം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സീനിയർ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങളും വഞ്ചിയൂരിൽ സന്ദർശനം നടത്തിയ സംഘത്തിന്റെ ഇടപെടലുകളുടെ വിവരങ്ങളും ഇന്നലെ ബാർ കൗൺസിൽ വിളിച്ചു ചേർത്ത വിവിധ അഭിഭാഷക സംഘടനകളുടെ യോഗത്തിൽ വിശദീകരിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നുമുള്ള ബാർ കൗൺസിലിന്റെ നിർദ്ദേശങ്ങൾ യോഗത്തിൽ അംഗീകരിച്ചെന്ന് ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ വ്യക്തമാക്കി. വിവിധ അഭിഭാഷക സംഘടനകളുടെ പ്രതിനിധികൾക്കു പുറമേ ബാർ കൗൺസിൽ അംഗങ്ങളും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിനിധികളും ജില്ലാ ബാർ അസോസിയേഷൻ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.