കോതമംഗലം : എന്റെ നാടിന്റെ വനിത കൂട്ടായ്മയായ നാമിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ പെൺമ 2019 ഡിസംബർ 8 ന് കോതമംഗലത്ത് നടക്കും.
സ്ത്രീ ശാക്തീകരണത്തിന്റെയും സംരംഭക വികസനത്തിന്റെയും മാതൃകയാണ് നാം പദ്ധതി. സ്ത്രീകളുടെ സമ്പൂർണ്ണ സാമ്പത്തിക സാമൂഹ്യ സ്വതന്ത്രമാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം വനിതകളെ മുൻനിർത്തി പലിശരഹിത വിദ്യാഭ്യാസവായ്പ, വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് സാമ്പത്തിക സഹായം, സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് മൈക്രോഫിനാൻസ്, പെൺകുട്ടികൾക്ക് സൈക്കിൾ, ലാപ്‌ടോപ്പ്, സ്വയം തൊഴിൽ പരിശീലനം എന്നീ പദ്ധതികൾ നടപ്പാക്കിയിരുന്നു.

കോതമംഗലം മലയിൻകീഴ് ബൈപ്പാസ് റോഡിനു സമീപത്തെ പന്തലിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പെൺമ നടക്കുന്നത്. സുരക്ഷ സംബന്ധിച്ച് ക്ലാസ്, വനിതശാക്തീകരണ സെമിനാർ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും.

എന്റെ നാട് വനിത ക്ഷേമം മുൻനിർത്തി നടപ്പിലാക്കുന്ന 10 പദ്ധതികൾ ചെയർമാൻ ഷിബു തെക്കുംപുറം നാടിന് സമർപ്പിക്കും.10000 അംഗങ്ങൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു