കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി പത്തനംതിട്ട മൈലപ്ര താഴേ വെട്ടിപ്രം സ്നേഹഭവനിൽ സനിൽ കുമാറിനെ (44) അന്വേഷണ സംഘം പാലായിൽ നിന്ന് അറസ്റ്റ് ചെയ്തു. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾ മുങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിശേഷം ഹാജരാകാൻ കോടതി പലതവണ സമൻസ് നൽകിയിട്ടും ഇയാൾ വന്നില്ല. തുടർന്നു ജാമ്യം റദ്ദാക്കിയിരുന്നു. ഒളിവിൽ പോയ ഇയാൾ പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ കാവൽക്കാരനായി ജോലി നോക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
മറ്റൊരു കേസിൽ സനിൽ കുമാർ കാക്കനാട് ജില്ലാ ജയിലിൽ കഴിയവേയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയടക്കമുള്ളവർ ഇൗ ജയിലിലെത്തിയത്. സനിലിനെ കോടതിയിൽ ഹാജരാക്കി ജയിലിൽ മടക്കി കൊണ്ടുവന്നപ്പോൾ ഒളിപ്പിച്ചു കടത്തിയ മൊബൈൽ ഉപയോഗിച്ചാണ് പൾസർ സുനി ഇൗ കേസിലെ ചിലരെ വിളിച്ച് സാമ്പത്തിക സഹായം തേടിയത്. ഇതു കണ്ടെത്തിയതോടെ സനിൽ കുമാറിനെ പ്രതിയാക്കി. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇയാളെ ഡിസംബർ 11 നകം ഹാജരാക്കിയില്ലെങ്കിൽ ഇയാൾക്കു വേണ്ടി ജാമ്യം നിന്നവർ 80,000 രൂപ വീതം കെട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു.