പറവൂർ: മാള സ്വദേശി ശ്രീജിത്തിന്റെ മാരുതി സ്വിഫ്റ്റ് കാർ വാടയ്ക്കെടുത്തയാളിൽ നിന്ന് തിരിച്ചെടുക്കാൻ മുപ്പതിനായിരം രൂപയ്ക്ക് നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചത്. നാലാം പ്രതി റിയാസ് കാർ തിരിച്ചെടുത്തെങ്കിലും ഉടമയ്ക്ക് നൽകിയില്ല. റിയാസിൽ നിന്നും കാർ വീണ്ടെടുക്കാനുള്ള ക്വട്ടേഷൻ ഏറ്റവരാണ് കൊല്ലപ്പെട്ട മുബാറക്കും കുത്തേറ്റ നാദിർഷയും. ഇവർ റിയാസിന്റെ വീട്ടിൽ നിന്നും കാർ എടുത്തതിനെ തുടർന്ന് ഒത്തുതീർപ്പിനായി വിളിച്ചുവരുത്തുകയായിരുന്നു. രണ്ട് ദിവസത്തിനുള്ള കാർ മടക്കിനൽകാമെന്ന് ധാരണയായെങ്കിലും വീണ്ടും തർക്കമുണ്ടായി. ഉടനെ മടക്കിവേണമെന്നായി റിയാസും സംഘവും. ഇതിനിടെ മുബാറക്കിന്റേയും നാദിർഷയുടേയും കൂടുതൽ സുഹൃത്തുകൾ സംഭവ സ്ഥലത്തെത്തി.
ഇതിനിടെ ഫറൂക്കിന്റെ മടിയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് റംഷാദ് വീശുകയും മുബാറക്കിനെ കുത്തുകയുമായിരുന്നുയെന്ന് പൊലീസ് പറഞ്ഞു. കത്തി കൈകൊണ്ട് പിടിച്ചതിനാലാണ് നാദിർഷ രക്ഷപ്പെട്ടത്.
പിന്നാലെ റിയാസും സംഘവും ബൈക്കുകളിൽ രക്ഷപ്പെട്ടു. അബ്ദുൾ മജീദിന്റെ മുപ്പത്തടത്തുള്ള ചെറുകിട വ്യവസായ കേന്ദ്രത്തിൽ പോയി വസ്ത്രങ്ങൾ മാറ്റിയ ശേഷം റംഷാദ്, അഹമ്മദ്, മുഹമ്മദ് സാലിഹ് എന്നിവരെ റിയാസ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. മൂവർസംഘം മംഗലാപുരത്തേയ്ക്ക് പോയി. അബ്ദുൾ മജീദ് കൊടുത്ത രണ്ടായിരം രൂപ തീർന്നതോടെയാണ് കീഴടങ്ങാൻ തിരുമാനിച്ചത്. കുത്താൻ ഉപയോഗിച്ച കത്തിയും മൂന്നു പേരുടേയും മൊബൈൽ ഫോണുകളും പുഴയിൽ എറിഞ്ഞതായാണ് മൊഴി. റിയാസ് രക്ഷപ്പെട്ട കാർ മജീദിന്റെ സുഹൃത്തിന്റേതാണ്. ആശുപത്രിയിൽ പോകാനാണെന്നു പറഞ്ഞാണ് കാർ വാങ്ങിയത്. കേസിൽ റൊണാഡോ ജബ്ബാർ എന്നയാളും കേസിൽ പ്രധാന പ്രതിയാണ് ഇയാളും ഒളിവിലാണ്.