കൊച്ചി: മരടിലെ ഫ്ലാറ്റുകൾക്ക് സമീപമുള്ള വീടുകളിലുണ്ടായ വിള്ളലുകൾക്ക് കാരണം ഇപ്പോഴത്തെ പൊളിക്കലല്ലെന്ന വിചിത്രന്യായീകരണവുമായി പൊളിക്കൽ വിദഗ്ദ്ധൻ എസ്.ബി സർവ്വാതെ. ഇത്രനാളുമില്ലാത്ത വിള്ളലുകൾ പിന്നെങ്ങനെയുണ്ടായെന്ന് നാട്ടുകാർ. സമീപവാസികളുടെ ആശങ്കയ്ക്ക് വിരാമമാകാതെ സാങ്കേതിക വിദഗ്ദ്ധരുടെ സന്ദർശനം കഴിഞ്ഞ ദിവസം നടന്നു.

സാധാരണ രൂപപ്പെടാറുള്ള വിള്ളലുകളാണെന്നും പരിഹരിക്കാൻ രണ്ടായിരം രൂപാ പോലും വരില്ലെന്നും ആൽഫാ ഫ്ലാറ്റിനു സമീപത്തെ മൂന്നു വീടുകളിലെ വിള്ളലുകൾ പരിശോധിച്ച ശേഷം സർവ്വതെ പറഞ്ഞു. ഇത് നാട്ടുകാരെ പ്രകോപിപ്പിച്ചു.

കഴിഞ്ഞ ദിവസം നഗരസഭാധ്യക്ഷ ഉൾപ്പടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊട്ടൽ സംഭവിച്ച വീടുകൾ സന്ദർശിക്കാൻ തയ്യാറാവാതിരുന്ന അദ്ദേഹം ഇന്നലെ മുന്നറിയിപ്പ് ഒന്നും ഇല്ലാതെ പൊലീസ് സുരക്ഷയിലാണെത്തിയത്.

ആൽഫ സെറിൻ ഫ്ലാറ്റിന്റെ നീന്തൽ കുളം പൊളിക്കുന്നതിനിടെ കോണിപ്പടി തകർന്ന കരോട്ട് ഹരിശ്ചന്ദ്ര സായിയുടെ വീട്ടിലാണ് ആദ്യമെത്തിയത്. കോണിപ്പടി പൊട്ടിയത് ഫ്ലാറ്റ് പൊളിക്കൽ കൊണ്ടല്ലെന്നായിരുന്നു ആദ്യ പ്രതികരണം.

മറ്റുചില വീടുകളുടെ വിള്ളലുകൾ ഗൗരവമുള്ളതല്ലെന്നും സ്വാഭാവികമായവയാണെന്നും വിശദീകരിച്ചു. ഒപ്പമുള്ള സാങ്കേതിക സമിതി അംഗങ്ങളുടെയും നിലപാട് അതുതന്നെയായിരുന്നു.

മറ്റ് നഗരങ്ങളിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ദൃശ്യസഹിതം സർവ്വാതെ നാട്ടുകാരെ ബോധവത്കരിക്കാൻ ശ്രമിച്ചു.

ആദ്യം ജെയ്ൻ

അവസാനം ആൽഫ

നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് ആദ്യം പൊളിക്കുക ജനുവരി 11ന് ജനവാസം കുറഞ്ഞ മേഖലയിലെ നെട്ടൂർ കേട്ടേഴത്തുംകടവിലെ ജെയ്ൻ ഫ്ലാറ്റാകുമെന്നും എസ്.ബി. സർവാതെ പറഞ്ഞു. അന്നേ ദിവസം തന്നെ കണ്ണാടിക്കാട് ഗോൾഡൻ കായലോരവും പൊളിക്കും. പിറ്റേന്ന് കുണ്ടന്നൂർ ഹോളിഫെയ്ത് എച്ച്ടുഒ. അവസാനമാകും ഇരട്ട ഫ്ലാറ്റ് സമുച്ചയമായ ആൽഫാ സെറിൻ.

ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ആവർത്തിച്ചെങ്കിലും വ്യക്തമായ തീരുമാനമായില്ല. നാഷണൽ ഇൻഷ്വറൻസ് കമ്പനിയാകും ഇൻഷറൻസ് ഏറ്റെടുക്കുക. പൊളിക്കലിന് 90 ദിവസം എന്ന കാലപരിധി ഒരു വർഷം വരെ നീട്ടാനും ഇടയുണ്ട്.

മൂന്നുമാസത്തെ വാടക നൽകും

പൊളിക്കൽ ഭീതിയിൽ മാറിതാമസിച്ചവർക്ക് മൂന്ന് മാസത്തെ വാടക സർക്കാർ നൽകും. ഇടനിലക്കാരന്റെ കമ്മിഷൻ, സാധനങ്ങൾ മാറ്റിയ ചെലവ് തുടങ്ങിയവയ്ക്ക് കൃത്യമായ രേഖകൾ സമർപ്പിച്ചാൽ വേണ്ടത് ചെയ്യാമെന്ന സബ് കളക്ടർ ഉറപ്പ് നൽകി.

സാങ്കേതിക വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാൻ പരിസരവാസികൾക്ക് ഇന്നലെ അവസരം ഒരുക്കിയ യോഗത്തിലായിരുന്നു ഇത്.

നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ അധ്യക്ഷത വഹിച്ചു. സബ് കലക്ടറെ കൂടാതെ എസ്.ബി. സർവാതെ, സ്ട്രക്ചറൽ എൻജിനീയർ അനിൽ ജോസഫ്, ജെറ്റ് ബ്ലാസ്റ്റിംഗ് കോർപ് സീനിയർ സൈറ്റ് മാനേജർ കെവിൻ സ്മിത്, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടിവ് എൻജിനീയർ മിനി മേരി സാം, സ്‌ഫോടന വിദഗ്ദ്ധൻ ആനന്ദ് ശർമ, നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ എന്നിവർ പങ്കെടുത്തു.

'സമീപവാസികളുടെ ആശങ്കകളെ പറ്റി കൗൺസിൽ ചേർന്ന് സർക്കാരിനെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് മരട് നഗരസഭ. അടുത്ത ദിവസം തന്നെ ഇതേപ്പറ്റി ആലോചിച്ച് തീരുമാനിക്കും. സർക്കാർ നിയോഗിച്ചിരിക്കുന്ന നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ പൊളിക്കൽ കരാറെടുത്ത കമ്പനിക്കു വേണ്ടി സംസാരിക്കുകയാണോ എന്ന് സംശയമുണ്ട്. ആശങ്കയിലായ പരിസരവാസികളെ കളിയാക്കുന്ന രീതിയാണ് അദ്ദേഹത്തിന്. ഉത്തരേന്ത്യയിലെ വരണ്ട കാലാവസ്ഥയിലെ കെട്ടിടങ്ങളുടെ കാര്യമാണ് അദ്ദേഹം ഉദാഹരണമായി കാട്ടിയത്. കൊച്ചിയിലെ ചതുപ്പു നിറഞ്ഞ സാഹചര്യം അദ്ദേഹം മനസ്സിലാക്കണം.'

ടി.എച്ച്. നദീറ

നഗരസഭാധ്യക്ഷ

യോഗ തീരുമാനങ്ങൾ:

പരിസരവാസികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ.

 സ്‌ഫോടനസമയത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയാണെങ്കിൽ മാർക്കറ്റ് വിലയനുസരിച്ച് വീട്ടുടമസ്ഥന് നഷ്ടപരിഹാരം.
ഇൻഷ്വറൻസ് കരാർ വ്യവസ്ഥകൾ 2 ദിവസത്തിനുള്ളിൽ പരസ്യപ്പെടുത്തും.
സ്‌ഫോടനത്തിന് മുൻപ് വീടുകളുടെ വീഡിയോ ചിത്രീകരിക്കും.
സ്‌ഫോടനത്തിനു മുൻപുള്ള കേടുപാടുകൾ പൊളിക്കൽ കരാർ കമ്പനി തീർത്തു കൊടുക്കും.
പൂർണ സുരക്ഷ ഉറപ്പാക്കും.

 പൊളിക്കുന്ന ഫ്ലാറ്റിൽ ഇതര സംസ്ഥാനക്കാരെ മാറ്റി മലയാളിയായ സുരക്ഷാ ഓഫിസറെ നിയോഗിക്കും.
 കുണ്ടന്നൂർ ഹോളിഫെയ്ത് എച്ച്ടുഒയ്ക്കു സമീപത്തെ വീടുകളിൽ വിള്ളൽ വന്നത് പ്രത്യേകം പരിശോധിക്കും.