കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനു പുറത്തു ട്രക്കുകൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കാൻ ബാദ്ധ്യതയില്ലെന്ന് ടെർമിനൽ അധികൃതരും പാർക്കിംഗ് സൗകര്യം ഒരുക്കേണ്ടത് കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികൃതരാണെന്ന് മുളവുകാട് പഞ്ചായത്തും ഹൈക്കോടതിയിൽ വ്യക്തമാക്കി. കണ്ടെയ്നർ ടെർമിനൽ റോഡിൽ അപകടങ്ങൾ നിത്യ സംഭവമായതിനെത്തുടർന്ന് ഹൈക്കോടതി ജഡ്ജിയെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇരു കൂട്ടരും തങ്ങളുടെ വിശദീകരണം നൽകിയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുള്ള കരാർ പ്രകാരം ടെർമിനൽ നിർമ്മാണം, വികസനം, പ്രവർത്തനം, നിയന്ത്രണം എന്നീ ചുമതലകൾ മാത്രമാണ് തങ്ങൾക്കുള്ളതെന്ന് ദുബായ് പോർട്ട് വേൾഡിനു വേണ്ടി ഇന്ത്യ ഗേറ്റ് വേ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെക്രട്ടറി സി.എസ്. ശ്രീല നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ കണ്ടെയ്നർ റോഡിന്റെ നിർമ്മാണത്തിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയത് കൊച്ചിൻ പോർട്ട് ട്രസ്റ്റും ടെർമിനൽ നടത്തിപ്പുകാരുമാണെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറിയുടെ സ്റ്റേറ്റ്മെന്റിൽ പറയുന്നു.

 ഇന്ത്യ ഗേറ്റ് വേ ടെർമിനലിന്റെ സത്യവാങ്മൂലം :

കണ്ടെയ്നർ ടെർമിനലിനുള്ളിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ബി.ഒ.ടി ഓപ്പറേറ്റർ മാത്രമാണ് ഈ കമ്പനി. നാലുവരി ദേശീയപാത, റെയിൽ സൗകര്യം എന്നീ സൗകര്യങ്ങൾ ഒരുക്കേണ്ടത് പോർട്ട് ട്രസ്റ്റാണ്. ടെർമിനലിനു പുറത്തുള്ള കാര്യങ്ങൾ ലൈസൻസ് വ്യവസ്ഥ പ്രകാരം കമ്പനിയുടെ ചുമതലയല്ല. കണ്ടെയ്നർ ട്രക്കുകൾക്ക് ടെർമിനലിൽ മതിയായ പാർക്കിംഗ് സൗകര്യമുണ്ട്. ടെർമിനലിനു പുറത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്യുന്ന ട്രെയിലറുകൾ ഊഴം കാത്തു കിടക്കുന്നതോ സമയം കളയാൻ കിടക്കുന്നതോ ആകാം. ഈ ട്രക്കുകൾക്ക് സൗകര്യമൊരുക്കാൻ ബാദ്ധ്യതയില്ല. പുറത്ത് പാർക്കിംഗ് സൗകര്യം നൽകാൻ കമ്പനിക്ക് സ്ഥലമില്ല.

 മുളവുകാട് പഞ്ചായത്തിന്റെ സ്റ്റേറ്റ്മെന്റ്

●കണ്ടെയ്നർ ടെർമിനൽ റോഡിന്റെ മുഖ്യ ഗുണഭോക്താവ് പോർട്ട് ട്രസ്റ്റാണ്.

●റോഡിന്റെ ഭൂരിഭാഗവും കടന്നു പോകുന്നത് മുളവുകാട് പഞ്ചായത്തിലൂടെയാണ്.

●റോഡ് വരുന്നതോടെ പഞ്ചായത്തിലേക്ക് വികസനവും വരുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.

●ടെർമിനൽ യാഥാർത്ഥ്യമാകുമ്പോൾ പ്രദേശ വാസികൾക്ക് തൊഴിൽ നൽകുമെന്ന് പോർട്ട് ട്രസ്റ്റിന്റെ വാഗ്ദാനം പാലിച്ചില്ല.

●ചെറിയ തോടുകളും അരുവികളുമായി കായലിലേക്ക് നീരൊഴുക്കുണ്ടായിരുന്നത് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി തടസപ്പെട്ടു. ഇതു മൂലം മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.

●നീരൊഴുക്ക് തടസപ്പെട്ട് ചെളി കെട്ടിയതോടെ മീൻപിടിത്തക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ 2014 ൽ പോർട്ട് ട്രസ്റ്റ് തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

●പാതയുടെ ഇരു വശങ്ങളിലുമായി സർവീസ് റോഡുകളും ഇവയെ ബന്ധിപ്പിച്ച് അണ്ടർ പാസുകളും നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.

●പോർട്ട് ട്രസ്റ്റ് പൊതുതാല്പര്യം പരിഗണിക്കാതെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി പണമുണ്ടാക്കുകയാണ്. കണ്ടെയ്നർ റോഡിൽ ജില്ലാ കളക്ടർ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതു നടപ്പാക്കിയില്ല.