കിഴക്കമ്പലം: ആളൊഴിഞ്ഞ കടമ്പ്രയാർ കമിതാക്കൾ കൈയടക്കി. ഇക്കോ ടൂറിസം രംഗത്ത് നിരവധി വിനോദ സഞ്ചാരികളെ ആകർഷിച്ച കടമ്പ്രയാറിനെ പ്രളയത്തിനു ശേഷം വിനോദ സഞ്ചാരികൾ കൈ വിട്ടതോടെ സമീപ മേഖലകളിലെ സ്കൂൾ, കോളേജ് കമിതാക്കളുടെ ഇടത്താവളമായി മാറിയിരിക്കുകയാണ്. കുട്ടി കമിതാക്കളാണ് ഇവിടെ കണ്ടു മുട്ടുന്നവരിലധികവുമെന്നത് ഞെട്ടിക്കുന്നതാണ്. മയക്കു മരുന്നു ഉപയോഗത്തിനും കൈമാറ്റത്തിനുമായി സാമൂഹ്യ വിരുദ്ധരും ഇവിടെ ഒത്തു കൂടുന്നതാണ് ഭീതിയുളവാക്കുന്നുണ്ട്. ഒടുവിൽ വനിതാ ഡോക്ടർക്കു നേരെയുണ്ടായ അതിക്രമവും മയക്കുമരുന്നിടമയായ യുവാക്കളിൽ നിന്നുമായിരുന്നു. പത്ത് ഏക്കറോളം വിസ്തൃതിയുള്ള കടമ്പ്രയാർ ടൂറിസം കേന്ദ്രത്തിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലാണ് കമിതാക്കളുടെ തമ്പടി. അതു കൊണ്ടു തന്നെ പെട്ടെന്നൊരു ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനും ബുദ്ധിമുട്ടാണ്. യൂണിഫോമിൽ ന്യൂ ജെൻ ബൈക്കുകളിലെത്തുന്ന ഇവർ കടമ്പ്രയാറിൽ ഇപ്പോഴുള്ള തിരക്കു കുറവാണ് മുതലാക്കുന്നത്. മനയ്ക്കക്കടവ് പാലത്തിനടുത്ത് ബൈക്ക് വച്ച് വാക്ക് വേ വഴി നടന്ന് കടമ്പ്രയാർ ടൂറിസം കേന്ദ്രത്തിലെത്താം. ഇവിടേയ്ക്ക് വരുന്നവർ ഓരോ കുടയുമായാണ് എത്തുന്നത്. കടമ്പ്രയാറകന്റെ ആളൊഴിഞ്ഞ ഭാഗത്ത് കുട നിവർത്തി ഇരുവരും കുടയ്ക്കുള്ളിലായാൽ പിന്നെ തിരിച്ച് പോക്ക് വൈകിട്ടാണ്. സ്കൂൾ ബാഗിൽ കുടയോടൊപ്പം ഒരു ജോഡി ഡ്രസ്സും കാണും. യൂണിഫോം കടമ്പ്രയാറിലെ ടൂറിസം കേന്ദത്തിലെത്തിയ ശേഷം ടോയ് ലെറ്റിൽ പോയി മാറും, തിരിച്ചു പോകുമ്പോൾ യൂണിഫോമിൽ പോവുകയും ചെയ്യും. യൂണിഫോം കണ്ട് സ്കൂളോ, കോളേജോ നാട്ടുകാർ തിരിച്ചറിയാതിരിക്കാനാണ് ഈ വിദ്യ. ബൈക്കിനു പിന്നിൽ പൊടിയടിക്കാതെ എന്ന വ്യാജേന ഷാളു കൊണ്ട് മുഖം മറച്ചെത്തുന്നതിനാൽ ബൈക്കിൽ നിന്നിറങ്ങുമ്പോൾ അളെ പോലും തിരിച്ചറിയില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് കടമ്പ്രയാർ , ലക്ഷങ്ങൾ മുടക്കി നവീകരിച്ച പദ്ധതി ഇന്ന് തകർച്ചയുടെ വക്കിലാണ്. നിരവധി വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായിരുന്നു ഇവിടം. ഇക്കോ ടൂറിസം വിനോദ യാത്രികരുടെ കേന്ദ്രവുമായിരുന്നു. എന്നാൽ പ്രളയം കടമ്പ്രയാറിനെ തകർത്തു. പിന്നീട് സഞ്ചാരികളുടെ വരവും കുറഞ്ഞു.