വൈപ്പിൻ : പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് , അമിതവില എന്നിവ തടയുന്നതിനായി കൊച്ചിതാലൂക്ക് സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷ്യ പൊതു വകുപ്പ് , ലീഗൽ മെട്രോളജി ഉദ്യോഗസ്ഥന്മാർ കടകളിൽ റെയ്ഡ് നടത്തി. എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ , നായരമ്പലം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ വിപണി വില പ്രദർശിപ്പിക്കാത്ത 5 വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചു.അമിത വില ഈടാക്കിയാൽ കർശന നടപടിസ്വീകരിക്കുമെന്നു സംഘം മുന്നറിയിപ്പ് നൽകി. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ റീന തോമസ്, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അജിത് കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി. ജെ. റോസിലി, എ. ഇന്ദുലേഖ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.