ulsavam
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ നടത്തിയ ശീവേലി എഴുന്നള്ളിപ്പ്.


വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം. അഞ്ചാം ദിവസമായ ഇന്നലെ രാവിലെവിശേഷാൽ ശീവേലിക്ക് പതിനൊന്ന് ഗജവീരൻമാർ അണിനിരന്നു. തേവരുടെ സ്വർണ്ണക്കോലമേന്തി പാമ്പാടി രാജൻ തുടർച്ചയായി 14-ാം വർഷവും എഴുന്നള്ളിപ്പ് നയിച്ചു. മധുരപ്പുറം കണ്ണൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കുന്നത്തൂർ രാമു, പാറന്നൂർ നന്ദൻ, തോട്ടുചാലിൽ ബോലോനാഥ്, ചെറായി ശ്രീ പരമേശ്വരൻ, വലിയപുരക്കൽ ആര്യനന്ദൻ, വേമ്പനാട് അർജ്ജുനൻ, മുള്ളത്ത് ഗണപതി, ഓമല്ലൂർ ഗോവിന്ദൻ കുട്ടി എന്നീ ആനകൾ പാമ്പാടിയുടെ ഇരുവശത്തുമായി അണിനിരന്നു.
കുട്ടൻമാരാരുടെ പ്രമാണത്തിൽ നൂറോളം കലാകാരൻമാരുടെ പാഞ്ചാരിമേളം ശീവേലിക്ക് മാറ്റുകൂട്ടി. തുടർന്ന് ചേർത്തല ഹരിശ്രീ കലാസമിതിയുടെ ഓട്ടൻതുള്ളൽ, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് ചുറ്റുവിളക്കും നിറമാലയും, സന്ധ്യക്ക് കുറത്തിയാട്ടം, തിരുവാതിരക്കളി, രാത്രി വിളക്കിനെഴുന്നള്ളിപ്പ് എന്നിവയോടെയാണ് ഇന്നലത്തെ ഉത്സവാഘോഷം പൂർണമായത്.
ഇന്ന് രാവിലെ പഞ്ച വിംശതി കലശാഭിഷേകം, ശീവേലി, ഓട്ടൻതുള്ളൽ, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് കുറത്തിയാട്ടം, തുടർന്ന് കരോക്കെ ഭക്തിഗാനസുധ, രാത്രി കിഴക്കേ നടയിൽ പുറക്കൊടിയേറ്റം എന്നിവയുണ്ടാകും. പ്രസിദ്ധമായ കച്ചേരിപ്പറ നാളെയാണ്. കച്ചേരിപ്പറഎഴുന്നള്ളിപ്പിന് പല്ലാവൂർ ശ്രീധരമാരാരുടെ പ്രമാണത്തിൽ നടപ്പുര പഞ്ചവാദ്യവും ഡബിൾ സെറ്റ് നാദസ്വരവുമുണ്ടാകും.
ഞായറാഴ്ച ചെറിയ വിളക്ക്, ലക്ഷദീപം, സംഗീതാർച്ചന, കഥകളി, പടിഞ്ഞാറേ നടയിൽ പുറക്കൊടിയേറ്റം, തിങ്കളാഴ്ച വലിയവിളക്ക്, പ്രസാദ ഊട്ട്, വൈകീട്ട് നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും, വടക്കേനടയിൽ പുറക്കൊടിയേറ്റം, ചൊവ്വാഴ്ച തൃക്കാർത്തിക ആറാട്ട്, വൈകീട്ട് ആറാട്ടെഴുന്നളളിപ്പ്, ഭക്തിഗാനമേള.
നാളെ നടക്കുന്ന കച്ചേരിപ്പറ എഴുന്നള്ളിപ്പിന് കേരള സർക്കാരിന്റെ പ്രതിനിധിയായി എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസറാണ് പതിവായി പങ്കെടുക്കാറുള്ളത്. ഇത്തവണ കൊച്ചി രാജകുടുംബാംഗവും കച്ചേരിപ്പറക്കുണ്ടാവും. വൈകീട്ട് 5.30ന് തുടങ്ങുന്ന കച്ചേരിപ്പറക്ക് ശേഷം സാംസ്‌കാരിക സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, എസ്. ശർമ്മ എം.എൽ.എ., സംഗീത സംവിധായകൻ ബിജി പാൽ, രാജീവ് ആലുങ്കൽ എന്നിവർ പങ്കെടുക്കും. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകവുമുണ്ടാകും.