മൂവാറ്റുപുഴ: യാത്രക്കാർക്കും , ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശൗചാലയമുറിയുടെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നതിന് പരിഹാരിക്കുവാൻ തീരുമാനമായി. മാസങ്ങളായി മലിന ജലം പൊട്ടി ഒഴുകുന്നത് മൂലം ദുർഗന്ധം ഉണ്ടാകുകയും പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുന്നുവെന്നും സൂചിപ്പിച്ച് സോഷ്യൽ ആക്ടിവിസ്റ്റ് കെ.വി. മനോജ് നൽകിയ പരാതിയെ തുടർന്നാണ് പരിഹാരമായത്. മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ.എൻ. പ്രഭാകരന് നൽകിയ പരാതിയിലാണ് ബന്ധപ്പെട്ട അധികാരികളോടെ പ്രശ്നം പരിഹരിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ, കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ മൂവാറ്റുപുഴ പൊലീസ് എന്നിവരേയും പരാതിക്കാരനേയും ജഡ്ജിയുടെ ചേമ്പറിൽ വിളിച്ചുവരുത്തി.