കൊച്ചി: വാളയാർ പെൺകുട്ടികൾ പീഡനത്തിനിരയായി കൊലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ദളിത് കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 11ന് ഹൈക്കോടതിക്ക് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന ധർണ ജസ്റ്റിസ് കെ. കെമാൽപാഷ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.വി പത്മനാഭൻ അധ്യക്ഷനാകും. സംസ്ഥാന കൺവീനർ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്ക്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്ക്കർ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യാ ദളിത് കോ ഓഡിനേഷനിൽ രാജ്യത്തെ മുഴുവൻ എസ്.സി, എസ്.ടി വിഭാഗങ്ങളും അംഗങ്ങളാണ്. ഓൾ ഇന്ത്യാ ദളിത് കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ കെ.വി പത്മനാഭൻ, കെ.ഡി വിശ്വനാഥൻ, സി.സി കുട്ടപ്പൻ, പി.കെ ഗോപിനാഥൻ, എം.കെ വേണു, ശ്രീകണ്ഠൻ വടുതല, സരള കൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.