കൊച്ചി: കേരള ജം ആൻഡ് ജ്വല്ലറി ഷോയ്ക്ക് നാളെ തുടക്കമാകും. മൂന്നുദിവസങ്ങളിലായി അങ്കമാലി അഡ്‌ലക്‌സ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഷോയിൽ പങ്കെടുക്കും. ജം ആൻഡ് ജ്വല്ലറി ഷോയുടെ പത്താം എഡിഷനാണ് തുടക്കമാകുന്നത്. സ്വർണം, വെള്ളി, പ്ലാറ്റിനം, ഡയ്മണ്ട് ആഭരണങ്ങൾ ഷോയിൽ പ്രദർശിപ്പിക്കും. 250 നിർമാതാക്കളുടെ 400 ലധികം പ്രദർശന സ്റ്റാളുകൾ ഷോയിലുണ്ട്. ഒരുലക്ഷം ചതുരശ്രയടി ശീതീകരിച്ച ഹാളിലാണ് പ്രദർശനം നടക്കുന്നത്. ആറായിരത്തോളം സ്വർണവ്യാപാരികൾ പരിപാടിയുടെ ഭാഗമാകും. പ്രദർശനത്തോടനുബന്ധിച്ച് വിവിധ സെമിനാറുകളും ചർച്ചാ ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. കെ.ജി.ജെ.എസ് ഭാരവാഹികളായ പി.വി ജോസ്, സുമേഷ് വദേര, ക്രാന്തി നഗ്വേക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.