കോലഞ്ചേരി: പിൻ സീറ്റ് ഹെൽമെറ്റില്ലാത്തവർക്കെതിരെ പൊലീസും പണി തുടങ്ങി. പുത്തൻകുരിശിൽ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ എത്തുന്നവർക്ക് 500 രൂപയുടെ പിഴയാണ് ഈടാക്കുന്നത്. കുന്നത്തുനാട്ടിൽ ഉപദേശം നിർത്തി. നാളെ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന തുടങ്ങും. ചിൻ സ്ട്രാപ്പിടാതെ ഹെൽമെറ്റ് ഉപയോഗിക്കരുതെന്ന് പൊലീസ് അറിയിക്കുന്നു.

പിൻസീ​റ്റിലും ഹെൽമ​റ്റ് നിർബന്ധമാക്കിയതോടെ ഷോപ്പുകളിൽ തിരക്കേറി. പിഴയിൽ നിന്നു രക്ഷപ്പെടാൻ വിലകുറഞ്ഞ ഹെൽമ​റ്റുകൾ വാങ്ങി വയ്ക്കുന്നവരുമുണ്ട്.

ഐ.എസ്‌.ഐ മാർക്കുള്ള ഹെൽമ​റ്റ് ചോദിച്ചു വാങ്ങണം

വ്യാജ ഹെൽമെറ്റുകൾ അപകടങ്ങളിൽനിന്നു രക്ഷിക്കില്ലെന്നു മാത്രമല്ല, ചിലപ്പോൾ പരിക്ക് കൂടാനും കാരണമാകും. ഐ.എസ്‌.ഐ മാർക്കാണ് ഗുണമേന്മ തിരിച്ചറിയാനുള്ള പ്രധാന അടയാളം. പക്ഷേ, പല വ്യാജനിലും അനധികൃതമായി ഐ.എസ്‌.ഐ മാർക്ക് അടിച്ചിറക്കുന്നുണ്ട്.

ഇ.പി.എസ് (എക്‌സ്പാൻഡഡ് പോളിസിറിൻ)

ഹെൽമ​റ്റിലെ പ്രധാന ഭാഗമാണ് ഇ.പി.എസ് (എക്‌സ്പാൻഡഡ് പോളിസിറിൻ) തലയിലേൽക്കുന്ന ആഘാതം കുറയ്ക്കാൻ ഹെൽമ​റ്റിനുള്ളിൽ ഉപയോഗിക്കുന്ന കുഷ്യൻ ആണിത്. ഗുണമേന്മയുള്ള ഹെൽമ​റ്റിൽ ഇ.പി.എസ് ആണ് ഉപയോഗിക്കുന്നത്. അല്ലാത്തവ തെർമോക്കോളിലാണ് നിർമിക്കുന്നത്.

വ്യാജ ഹെൽമ​റ്റുകൾ ഉപയോഗിക്കരുത് തലയ്ക്കാണ് വില

തലയ്ക്കു കൃത്യമായവ തിരഞ്ഞെടുക്കണം. കൂടുതൽ വലുതോ ചെറുതോ വിപരീത ഫലം ചെയ്യും. കാഴ്ച മങ്ങാത്ത പോളി കാർബണേ​റ്റ് വൈസറാണ് ഹെൽമ​റ്റിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.നല്ല മെ​റ്റീരിയൽ കൊണ്ടു നിർമിച്ച ഹെൽമ​റ്റുകൾ തിരഞ്ഞെടുക്കുക. കൂടുതൽ നേരം തലയിൽ വയ്ക്കുന്നവർ വായുസഞ്ചാരമുള്ള മോഡലുകൾ നോക്കി വാങ്ങണം. ചിൻസ്ട്രാപ്പുകൾ കനമുള്ളതാകണം.

വ്യാജ ഹെൽമ​റ്റുകൾ

വ്യാജ ഹെൽമ​റ്റുകൾക്കു താരതമ്യേന ഭാരം കുറവായിരിക്കും

ഉറപ്പില്ലാത്ത ചിൻസ്ട്രാപ്പുകളായിരിക്കും