കൊച്ചി: കൊച്ചി നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം എ.ബി. സാബു ഇന്ന് രാജിവയ്ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. എ ഗ്രൂപ്പിലായിരുന്ന സാബു ഐ ഗ്രൂപ്പിലേയ്ക്ക് മാറും. സൗമിനെ ജെയിനിനെ മേയർ സ്ഥാനത്തുനിന്ന് നീക്കുന്നതിന് സമ്മർദ്ദം ശക്തമാക്കാൻ മുഴുവൻസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും എ.ബി. സാബുവും ഗ്രേസി ജേക്കബും തയ്യാറായിരുന്നില്ല. ആദ്യം തയ്യാറല്ലെന്ന് അറിയിച്ച കെ.വി.പി കൃഷ്ണകുമാറും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ രാജിവയ്പ്പിച്ച് സൗമിനെ ജെയിനെ സമ്മർദ്ദത്തിലാക്കുകയാണ് നേതാക്കളുടെ ലക്ഷ്യം. രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ എ.ബി. സാബുവിന്റെ പേര് ഐ ഗ്രൂപ്പുകാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് എ ഗ്രൂപ്പുകാർ സാബുവിനോട് താല്പര്യം കുറച്ചിരുന്നു. ഒരു ഗ്രൂപ്പിലുമില്ലാത്ത മട്ടിലായിരുന്നു കുറെനാളായി സാബുവിന്റെ പ്രവർത്തനം. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എം.എൽ.എ എന്നിവരുമായി സാബു കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവയ്ക്കണമെന്ന ആവശ്യം ചെന്നിത്തല സാബുവിനെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ആവശ്യവും നിരസിച്ചാൽ കൗൺസിലർ കാലാവധി തീരുമ്പോൾ പദവികൾ കിട്ടാതെ പോകുമെന്ന ആശങ്കയും രാജി തീരുമാനിക്കാൻ കാരണമായതായാണ് സൂചനകൾ. എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പിനൊപ്പം നിൽക്കാമെന്നും കൂടിക്കാഴ്ചയിൽ ധാരണയിലെത്തി. അതുപ്രകാരം ഇന്നു രാവിലെ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറും.