ആലുവ: നഗരസഭ മത്സ്യ മാർക്കറ്റ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. കച്ചവടക്കാരുടെ പരാതിയെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ പൊലീസിൽ പരാതി നൽകി. രണ്ട് നിലകളുടെ കെട്ടിടത്തിന്റെ താഴെ മാത്രമാണ് മത്സ്യകച്ചവടക്കാരുള്ളത്. മുകളിലെ നിലയിലെ മുറികൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ ശല്യമാണ്. ചോദ്യം ചെയ്യുന്ന കച്ചവടക്കാരെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്യും. രാത്രിയിൽ മറ്റ് അനാശാസ്യങ്ങളും നടക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ സെബി വി. ബാസ്റ്റ്യൻ വിഷയം അവതരിപ്പിച്ചിരുന്നു.