തൃക്കാക്കര: നിയമസഭ സമിതി സിറ്റിംഗി​ൽ നി​ന്ന് മുങ്ങിയ ജില്ലാ കളക്ടർ അടക്കമുളള വകുപ്പ് മേധാവികൾക്കെതിരെ പൊട്ടിത്തെറിച്ച് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.
പാറമടകളിലെ മലിനജലം കുടിവെളളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച പരാതിയിൽ നിയമസഭ സമിതി ഇന്നലെ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നടത്തിയ സിറ്റിംഗി​ലായി​രുന്നു സംഭവം.

താനടക്കമുള്ള നിയമസഭാ സമിതി അംഗങ്ങൾ കൃത്യസമയത്ത് എത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ജില്ലാ കലക്ടർ എസ്.സുഹാസും മറ്റും എത്തി​യി​ല്ല. കളക്ടർ എത്താതെ സമിതിയുടെ സിറ്റിംഗ് ആരംഭിക്കില്ലെന്ന നിലപാടിൽ ഗണേഷ് കുമാർ ഉറച്ചു നിന്നതോടെ കളക്ടർ എത്തി. സിറ്റിംഗ് തീരാതെ പോകരുതെന്ന് അദ്ദേഹം കളക്ടറോട്‌ പറഞ്ഞു. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടി വന്നതിനാലാണ് വൈകിയതെന്ന് കലക്ടർ മറുപടി നൽകിയെങ്കിലും ഗണേഷ് കുമാർ തൃപ്തനായില്ല.

വിവിധ വകുപ്പ് മേലധികാരികൾ എവിടെയെന്നായി എം.എൽ.എ. കമ്മീഷ്ണർക്കു വേണ്ടി ഹാജരായത് സബ് ഇൻസ്പെക്ടർ ആണെന്നറിഞ്ഞതോടെ കമ്മി​ഷ്ണർ വരണമെന്ന ഗണേഷ് കുമാർ പ്രഖ്യാപി​ച്ചു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ വിജയ് സാക്കറേ, ഡി.സി.പി പൂങ്കുഴലി എന്നിവരും സിറ്റിംഗിനെത്തി.

ഡി.എം.ഒയ്ക്ക് പകരം ഹെൽത്ത് ഓഫീസർ വന്നതും അദ്ദേഹത്തെ പ്രകോപിതനാക്കി. പി​ന്നാലെ ഡി.എം.ഒയും എത്തി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് മേലധികാരി എത്തിയില്ലെന്ന ആക്ഷേപവും എം.എൽ.എ ഉന്നയിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം വക്കുന്നതെന്നും കേസുകളൊന്നും കോടതിയിലെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ സിറ്റിംഗിൽ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥർ എല്ലാം സിറ്റിംഗിൽ പങ്കെടുക്കണമെന്നും കൃത്യമായ റിപ്പോർട്ട് സമിതിക്കു മുന്നിൽ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമിതി അംഗങ്ങളിൽ എം.എൽ.എമാരായ രാജു എബ്രഹാം, എം.സ്വരാജ്, സി.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തില്ല.