കൊച്ചി: അദാനി ഇന്ത്യൻ ഓയിൽ കമ്പനി സ്ഥാപിച്ച വാതക പൈപ്പിലുണ്ടായ ചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ ജില്ലാകളക്ടർക്ക് പരാതി നൽകി. കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള പ്രദേശം വളരെ പ്രധാനപ്പെട്ടതാണ്. കൊച്ചി റിഫൈനറിയുടെ ഉൾപ്പെടെ വിവിധ എണ്ണക്കുഴലുകൾ കടന്നു പോകുന്നത് ഇതിലൂടെയാണ്. ഈ ഭാഗത്തെ പൈലിംഗിന് ജാഗ്രത കാട്ടേണ്ടതായിരുന്നു. ഭൂമിക്കടിയിലൂടെ പോകുന്ന വാതകക്കുഴലുകളെ സംബന്ധിച്ച് യാതൊരു വിധ പരിശോധനയും നടത്താതെയാണ് കൊച്ചി മെട്രോ പൈലിംഗ് നടത്തിയത്. ഇതു മൂലമാണ് എട്ട് മീറ്റർ ആഴത്തിൽ സ്ഥാപിച്ചിരുന്ന വാതക പൈപ്പിൽ ചോർച്ചയുണ്ടായത്. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. കൊച്ചി മെടോയുടെ നിർമ്മാണ വിഭാഗത്തിൽ നിന്നുണ്ടായ നിരുത്തരവാദിത്വപരമായ ഈ പ്രവർത്തനത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.