tree
കിഴക്കേ ദേശത്ത് റോഡരികിലെ തണൽ മരത്തിന്റെ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നു

ആലുവ: വീടിന് മുന്നിലെ അപകടാവസ്ഥയിലായ തണൽ മരം മുറിച്ച് നീക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികൾ ജില്ലാ കളക്ടർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വീണ്ടും നിവേദനം നൽകി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 13 -ാം വാർഡിൽ കിഴക്കേ ദേശം അൻവിത ഫ്ളാറ്റിന് സമീപം ഗുരുപ്രസാദത്തിൽ കെ.കെ. കുമാരനും ഭാര്യ പൊന്നമ്മ കുമാരനുമാണ് നിവേദനവുമായി കയറിയിറങ്ങുന്നത്.

ദേശം - കാലടി റോഡിൽ നിന്നും വീട്ടിലേക്കുള്ള നടവഴിയോട് ചേർന്ന് കുമാരനും ഭാര്യയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നട്ടുവളർത്തിയ തണൽ മരമാണ് ഭീഷണിയായി നിൽക്കുന്നത്. ചെങ്ങമനാട് പഞ്ചായത്ത് അധികൃതർക്ക് പലവട്ടം പരാതി നൽകിയെങ്കിലും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് ഇക്കുറി ജില്ലാ കളക്ടർക്ക് കൂടി പരാതിയുടെ പകർപ്പ് നൽകിയത്. റിട്ട. ജോയിന്റ് ആർ.ടി.ഒയായ പൊന്നമ്മയും സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിരമിച്ച കുമാരനും മാത്രമാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. മക്കൾ ജോലി സംബന്ധമായി ബാംഗ്ളൂരിലാണ്. മാത്രമല്ല, പ്രമേഹത്തിന് കാലിൽ ശസ്ത്രക്രി​യ നടത്തിയ കുമാരൻ വിശ്രമത്തിലുമാണ്. കാറ്റിലും മഴയിലും മരം വീടിന് മുകളിലേക്ക് മറിഞ്ഞ് വീണാൽ പരസഹായത്തിന് പോലും ആളില്ലാത്ത അവസ്ഥയാണ്.

ആരും മരം നേരിൽ കണ്ടാൽ മുറിച്ച് നീക്കാൻ പറയുമെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തിൽ സ്വന്തം ചെലവിൽ മരം മുറിച്ച് നീക്കുന്നതിന് അനുവാദം നൽകണമെന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് വൃക്ഷത്തൈകൾ സ്വന്തം ചെലവിൽ വച്ച് പിടിപ്പിക്കാമെന്നും ഇരുവരും നിവേദനത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

അടിഭാഗം പൂർണമായി ദ്രവിച്ച തണൽ മരം എപ്പോൾ വേണമെങ്കിലും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിൽ.

സ്വന്തം ചെലവിൽ മരം മുറിച്ച് നീക്കുന്നതിന് അനുവാദം നൽകണം

വൃക്ഷത്തൈകൾ സ്വന്തം ചെലവിൽ വച്ച് പിടിപ്പിക്കാം