sreeman-narayanan
'നടാം നനക്കാം, നടക്കൽ വക്കാം' എന്ന പദ്ധതിക്കാവശ്യമായ തുളസി, കൂവളം, ചെത്തി തൈകളുമായി ശ്രീമൻ നാരായണൻ

ആലുവ: പ്രകൃതിയേയും ഈശ്വരനേയും ഒരുപോലെ ഉപാസിക്കുവാൻ ശ്രീമൻ നാരായണന്റെ 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷൻ പുതിയൊരു പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. 'നടാം നനക്കാം, നടക്കൽ വക്കാം' എന്ന പദ്ധതിയിൽ ക്ഷേത്രവും ആരാധനയും ആരാധകനും ഒരേപോലെ കണ്ണിചേർക്കപ്പെടും.

ക്ഷേതസന്നിധിയിൽ തുളസി, കൂവളം, ചെത്തി തൈകൾ സൗജന്യ വിതരണത്തിനായി നൽകും. അവ വളർന്നുകഴിയുമ്പോൾ ദളങ്ങളും പൂക്കളും പൂജക്കായി നടക്കൽ എത്തിക്കാനുള്ള മനസും ശ്രമവും വേണം. രണ്ടു തുളസി വീട്ടിലുണ്ടെങ്കിൽ അത്രയും പരിസരം ശുദ്ധമാവും, നല്ല വായു ലഭിക്കും. അത്യാവശ്യം ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് ഫലപ്രദമായ ഔഷധമായി ഇവയെ പ്രയോജനപ്പെടുത്താനുമാകുമെന്ന് ശ്രീമൻ നാരായണൻ പറയുന്നു.
രണ്ടു വർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വിവിധ ക്ഷേത്രങ്ങളിലെത്തിക്കുന്നതാണ് പദ്ധതി. നാളെ രാവിലെ 9.30ന് എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെ സഹകരണത്തോടെ ക്ഷേത്രസന്നിധിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ. സാനുവും ഡോ.വി.പി. ഗംഗാധരനും ചേർന്ന് ക്ഷേത്രം പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് കൂവളത്തൈ നൽകി പദ്ധതിക്ക് തുടക്കം കുറിക്കും. താല്പര്യമുള്ള ക്ഷേത്ര ഭാരവാഹികൾക്ക് ബന്ധപ്പെടാം: sreemannarayanan@gmail.com