ആലുവ: ഒറ്റ ദിവസം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വള്ളിച്ചേച്ചി താരമായത്. മുഹമ്മദ് നബിയെ കുറിച്ച് സ്വന്തമായി തയ്യാറാക്കി അയൽവാസികൾക്ക് മുമ്പിൽ കൗതുകത്തിനായി അവതരിപ്പിച്ച കഥാപ്രസംഗമാണ് 'കാട്ടുതീ' പോലെ വൈറലായത്.
കുട്ടശ്ശേരി കനാൽ റോഡിൽ നാട്ടുകാർ വള്ളിചേച്ചി എന്ന് വിളിക്കുന്ന തുരുത്തിക്കാട് വീട്ടിൽ വള്ളി കൃഷ്ണൻ ഉച്ചഭക്ഷണം കഴിഞ്ഞ് അയൽവാസികളായ സ്ത്രീകളുമായി സംസാരിച്ചിരിക്കെയാണ് കഥാപ്രസംഗം അവതരിപ്പിച്ചത്. പ്രവാചകന്റെ ജനനം മുതലുള്ള സംഭവങ്ങൾ കഥാപ്രസംഗത്തിലുണ്ട്. ശങ്കരംകുഴി ആരിഫ റഹീം ഇത് മൊബൈലിൽ പകർത്തി. 'കുട്ടമശ്ശേരി ബ്രേക്കിംങ്ങ് ന്യൂസ് വാട്‌സാപ്പ് ഗ്രൂപ്പി'ൽ പോസ്റ്റ് ചെയ്തു. മറ്രൊരാൾ ഫേസ് ബുക്കിലുമിട്ടു.ഇതിനോടകം രണ്ട് ലക്ഷത്തോളം ആളുകൾ കണ്ടു, പതിനായിരത്തിലേറെ പേർ വീഡിയോ ഷെയർ ചെയ്തു.
ഇടവേളകളിലെല്ലാം പുസ്തകം വായനയാണ് വള്ളിയുടെ ഹോബി. കുട്ടമശ്ശേരി യുവജന വായനശാലയിൽ നിന്നും സ്ഥിരമായി പുസ്തകം എടുക്കും. പ്രവാചകനെ കുറിച്ചുള്ള പുസ്തകവും അവിടെ നിന്നും ലഭിച്ചതാണ്. ക്ഷേത്രങ്ങളിൽ രാമായണപാരായണത്തിൽ സജീവമായ വള്ളിചേച്ചി നാട്ടിൻ പുറത്തെ പരിപാടികളിലും കഥാപ്രസംഗവും നാടൻ പാട്ടുകളും അവതരിപ്പിക്കാറുണ്ട്.
ലോകം അറിഞ്ഞതോടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലാണ് വള്ളി. കഴിഞ്ഞ ദിവസം ചാലയ്ക്കൽ ദാറുസലാം സ്‌ക്കൂൾ വിദ്യാർത്ഥികൾ വള്ളി ചേച്ചിയെ ആദരിച്ചു. നിരവധി പാട്ടുകളും കഥാപ്രസംഗവും അവതരിപ്പിക്കുകയും ചെയ്തു. പരേതനായ കൃഷ്ണനാണ് ഭർത്താവ്. മകൻ സജി കൃഷ്ണൻ.