പറവൂർ : പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കളിസ്ഥലത്തെവള്ളിപടർപ്പുകളും പുല്ലും നീക്കം ചെയ്തു. വടക്കേക്കര 137 സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്ത്രീതൊഴിലാളികളെ നിർത്തിയാണ് ശുചീകരണം നടത്തിയത്. കഴിഞ്ഞ ദിവസം കളിസ്ഥലത്തും വിഷപാമ്പിനെ കണ്ടതായി പ്രധാനാദ്ധ്യാപിക എ.എസ്. സിനി പറഞ്ഞു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവിടെ മതിൽ നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷൈലയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പി.ടി.എ. പ്രസിഡൻറ് ശ്രീകുമാർ അറിയിച്ചു.പ്രളയത്തിൽ തന്നെ തകർന്ന സ്കൂളിന്റെ മുൻവശത്തെ ചുറ്റുമതിൽ നിർമ്മിക്കാൻ നേരത്തേ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിരുന്നു. നിർമ്മാണം നടന്നില്ല. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയായതു കൊണ്ടാണ് ശുചീകരണം ബാങ്ക് ഏറ്റെടുത്തു നടത്തിയതെന്ന് ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് പറഞ്ഞു.