കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനു പുറത്ത് പാർക്കിംഗ് സൗകര്യം ഒരുക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന ദുബായ് പോർട്ട് അധികൃതരുടെ നിലപാട് അസംബന്ധവും മുൻ തീരുമാനങ്ങളുടെ ലംഘനവുമാണെന്ന് ട്രേഡ് യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റി. ഇക്കാര്യത്തിൽ കൊച്ചി തുറമുഖ ട്രസ്റ്റ് അധികൃതരുടെ നിലപാടും നിരുത്തരവാദപരമാണ്. ട്രെയിലറുകൾക്ക് പാർക്കിംഗ് സൗകര്യ മേർപ്പെടുത്തണമെന്ന് തുടർച്ചയായി കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെടുകയാണ്. 2011 ഫെബ്രുവരിയിൽ ദുബായ് പോർട്ട് കമ്മീഷൻ ചെയ്ത അന്നുമുതൽ ഈ ആവശ്യം ഉന്നയിച്ച് പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്.
2017 ജൂൺ 27 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിളിച്ചുചേർത്ത യോഗത്തിൽ മൂന്നുമാസത്തിനകം ടെർമിനലിനു വെളിയിലുള്ള ഡി.പി. വേൾഡിന്റെ കോമ്പൗണ്ടിൽ പത്ത് ഏക്കർ സ്ഥലം ഡീനോട്ടിഫൈ ചെയ്ത് പാർക്കിംഗിന് ഒരുക്കാൻ തീരുമാനിച്ചു. രണ്ടര വർഷം കഴിഞ്ഞിട്ടും ഇങ്ങനെയൊരു തീരുമാനമുണ്ടെന്നോ ഇതു നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്നോ ഇല്ലാത്ത രൂപത്തിലാണ് അവർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
കണ്ടെയ്‌നർ തൊഴിലാളികളെ ദ്വീപ് നിവാസികൾക്കെതിരെ തിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചും മതിയായ പാർക്കിംഗ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും പ്രചാരണപ്രക്ഷോഭപരിപാടി ആരംഭിക്കാൻ ട്രേഡ് യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.