കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷൻ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.
കേന്ദ്രസർക്കാർ നീക്കം കേരളം ഒന്നിച്ച് എതിർത്ത് തോല്പിക്കണമെന്ന് യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. ഇന്ന് അമ്പലമേട്ടിലെ റിഫെെനറിക്കു മുന്നിൽ നടത്തുന്ന സമരത്തിൽ രാഹുൽ ഗാന്ധി എം.പി പങ്കെടുക്കും രാവിലെ 7.30 ന് എത്തുന്ന രാഹുൽ ഒന്നര മണിക്കൂറോളം തൊഴിലാളികളുമായി സംവദിക്കും.
മുമ്പ് 51 ശതമാനം ഓഹരി സർക്കാർ കൈയിൽവെച്ച് ഉടമസ്ഥാവകാശം ഉറപ്പാക്കിയാണ് ബാക്കി ഓഹരികൾ വിറ്റിരുന്നത്. ബി.പി.സി.എൽ. അടക്കം അഞ്ച് കമ്പനികൾ പൂർണമായും സ്വകാര്യമേഖലയ്ക്ക് വിൽക്കാനാണ് ഇപ്പോൾ നീക്കം.
കേന്ദ്ര സർക്കാരിന് കഴിഞ്ഞവർഷം 95,000 കോടി രൂപ ലാഭവിഹിതം നൽകിയ കമ്പനിയാണ് ബി.പി.സി.എൽ. ഓഹരി ഉടമകൾ എന്ന നിലയിൽ സംസ്ഥാന സർക്കാരിനും എല്ലാ വർഷവും നല്ലൊരു തുക ലാഭവിഹിതം കിട്ടുന്നുണ്ട്.
20,000 കോടിയുടെ രൂപയുടെ വികസന പദ്ധതികളാണ് കൊച്ചിയിലെ ബി.പി.സി.എൽ. റിഫൈനറിയിൽ നടന്നുവരുന്നത്. ബെന്നി ബഹനാൻ പറഞ്ഞു.
മുഖ്യമന്ത്രി ഉടനെ വിഷയത്തിൽ ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. 1200 ഏക്കർ സ്ഥലം വ്യവസ്ഥകളോടെ ഏറ്റെടുത്ത് റിഫെെനറിക്ക് നൽകിയത് സംസ്ഥാന സർക്കാരാണെന്നും വിൽപ്പനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ എൽ.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ ടി ജെ വിനോദ് , വി പി സജീന്ദ്രൻ എന്നിവരും പങ്കെടുത്തു.