കൊച്ചി: നഗരത്തിലെ ഭൂരിഭാഗം റോഡുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെന്ന് കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. ഇനി റോഡുകൾ പൊട്ടിപ്പൊളിഞ്ഞാൽ ഉത്തരവാദികളായ എൻജിനീയർമാർക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ എറണാകുളം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി 75 ശതമാനവും പൂർത്തിയാക്കിയെന്നും ശേഷിക്കുന്നവ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും കൊച്ചി നഗരസഭ അറിയിച്ചു.

കലൂർ റോഡിന്റെ സ്ഥിതി മോശമാണെന്നും ദേശീയപാത 17 ൽ നിറയെ കുണ്ടും കുഴിയുമാണെന്ന് മറ്റു ജഡ്‌ജിമാർ അറിയിച്ചിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വൈറ്റില - കുണ്ടന്നൂർ റോഡിൽ കുറച്ചു പണി ബാക്കിയുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇതു പൂർത്തിയാകുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

കുഴികൾ നിറഞ്ഞ റോഡിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നത് ബൈക്കു യാത്രക്കാരുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.