കൊച്ചി: ബത്തേരിയിൽ സ്കൂൾ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച കേസിൽ പ്രതികളായ സ്കൂൾ അദ്ധ്യാപകരെ തത്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞു. ബത്തേരി സർവജന ഹൈസ്കൂൾ അദ്ധ്യാപകനായ ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് വിശദീകരണം.

കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് വ്യക്തമാക്കി പൊലീസ് വിശദമായ സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മറ്റൊരു പ്രതി ഡോ. ജിസ മെറിൻ ജോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം ഇവയും ബുധനാഴ്ച പരിഗണിക്കും.

നവംബർ 20 നാണ് ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത്. തുടർന്നുണ്ടായ പൊതുജനപ്രതിഷേധത്തിന് തടയിടാൻ പൊലീസ് അനാവശ്യമായി കേസെടുക്കുകയായിരുന്നെന്നാണ് ഹർജിക്കാരുടെ ആക്ഷേപം.

വിദ്യാർത്ഥിനി പാമ്പുകടിയേറ്റാണ് മരിച്ചതെന്നത് സംശയമാണെന്നും ഇക്കാര്യം തെളിയിക്കാൻ പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിക്കവെ, പോസ്റ്റ് മോർട്ടം നടത്താത്തതിനാൽ വിചാരണ വേളയിൽ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനാവുമോ എന്ന് കോടതി വാക്കാൽ ചോദിച്ചു. എന്നാൽ കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോർട്ടം നടത്താതിരുന്നതെന്നും പാമ്പുകടിയേറ്റാണ് മരണമെന്നുള്ളതിന് മറ്റു തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.