1
രാജഗിരിയിൽ ആരംഭിച്ച മാനേജുമെന്റ് ഫെസ്റ്റ് ഇൻഫ്‌ളോറെ19 ഏഷ്യൻ മാനേജ്മെന്റ് കോൺക്ലേവ് സ്ഥാപകനും എം.ബി.എ.യൂണിവേഴ്‌സ്.കോം സി.ഇ.ഒയുമായ അമിത് അഗ്‌നിഹോത്രി ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസഫ് ഐ. ഇഞ്ചോടി, ഡോ. സൂസൻ മാത്യു, പ്രൊഫ. സജി ജോർജ്ജ് തുടങ്ങിയവർ സമീപം

തൃക്കാക്കര: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന 15ാമത് ആനുവൽ മാനേജ്മെന്റ് ഫെസ്റ്റ് 'ഇൻഫ്‌ളോറെ19'ന് തുടക്കമായി. ചടങ്ങിൽ ഏഷ്യൻ മാനേജുമെന്റ് കോൺക്ലേവ് സ്ഥാപകനും എം.ബി.എ.യൂണിവേഴ്‌സ്.കോം സി.ഇ.ഒയുമായ അമിത് അഗ്‌നിഹോത്രി ഇൻഫ്‌ളോറെ19 ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. ഫ്രാൻസിസ് മണവാളൻ, ഡോ. സൂസൻ മാത്യു, പ്രൊഫ. സജി ജോർജ്ജ് (ഫാക്വൽറ്റി കോഓർഡിനേറ്റർമാർ) തുടങ്ങിയവർ സംസാരിച്ചു. 'നാളെയുടെ ഭൂമി വരുംതലമുറയ്ക്ക്' എന്ന ആപ്തവാക്യമുയർത്തി 'മാലിന്യ നിയന്ത്രണത്തിലൂടെ സുസ്ഥിരത കൈവരിക്കുക' എന്ന പൊതു ആശയത്തിനാണ് ഇത്തവണ ഇൻഫ്‌ളോറെ പ്രാധാന്യം നൽകുന്നത്. ആകെ 6 ലക്ഷം രൂപ സമ്മാനത്തുകയായി വിജയികൾക്ക് വിതരണം ചെയ്യും.
മേളയുടെ ആദ്യ ദിനം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, സ്പ്ലിറ്റ് ഡാൻസ് എന്നിവ വേറിട്ട അനുഭവമായി. മുൻ മിസ്സ് കേരള രേഷ്മ ജോർജ്ജ്(2003), ഡീൻ ജോൺ(കൊറിയോ ഗ്രഫർ) എന്നിവർ വിധികർത്താക്കളായി. ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ സിനിമാ താരം ആസിഫ് അലി മുഖ്യ അതിഥിയാകും. യു.എസ്.എ വെസ്‌റ്റേൺ മിഷിഗാൻ സർവകലാശാലയുടെ ഫാക്വൽറ്റി എന്റിച്ചുമെന്റും സ്റ്റഡി എബ്രോഡ് ഡയറക്ടറുമായ ഡോ. ലീ എം പെന്യാക് ചടങ്ങിൽ വിശിഷ്ടാതിഥിയാകും. പ്രമുഖ മലയാള സംവിധായകരായ പ്രശോഭ് വിജയൻ (സിനിമലില്ലി), അനുരാജ് മനോഹർ (സിനിമ ഇഷ്‌ക) എന്നിവരും ചടങ്ങിൽ സാന്നിദ്ധ്യമറിയിക്കും.