കൊച്ചി : വൈറ്റിലയിലെ ഫ്ളൈ ഒാവർ നിർമ്മാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് വൈറ്റില ജംഗ്ഷൻ വികസന ജനകീയ സമിതിയും നെട്ടൂർ സ്വദേശി ഷമീർ അബ്ദുള്ളയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഫ്ളൈ ഒാവർ നിർമ്മാണത്തിൽ അപാകതയില്ലെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഫ്ളൈ ഒാവർ നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിവേദനം നൽകിയിട്ട് നടപടിയെടുത്തില്ലെന്നും പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഉന്നത തല സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്ളൈ ഒാവറിൽ ത്രിതല ഗുണ പരിശോധന നടത്തിയതിൽ അപാകത കണ്ടെത്തിയിട്ടില്ലെന്നും ചെന്നൈ ഐ.ഐ.ടി നടത്തിയ പരിശോധനയിൽ തകരാറൊന്നും കണ്ടെത്തിയില്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.