കൊച്ചി: എതിർഗ്രൂപ്പുകളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെ മേയർ സ്ഥാനത്തുനിന്ന് സൗമിനി ജെയിൻ പുറത്തേക്ക്. ഈ മാസം 31 നകം രാജി വയ്ക്കണമെന്ന് ഉമ്മൻചാണ്ടി അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷം ജനുവരിയിൽ സ്ഥാനം ഒഴിയാനാണ് മേയറുടെ തീരുമാനം. മേയറെ ശക്തമായി പിന്തുണച്ചിരുന്ന ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇന്നലെ രാജിവച്ചു. ഈ സാഹചര്യത്തിൽ ഇനി അധികകാലം അധികാരത്തിൽ പിടിച്ചുനിൽക്കാൻ മേയർക്ക് കഴിയില്ലെന്നാണ് എതിരാളികളുടെ കണക്കുകൂട്ടൽ.
അതേസമയം കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ തന്നെ പുകച്ചു പുറത്തു ചാടിക്കുന്നതിൽ പ്രതിഷേധിച്ച് മേയർ പദവിക്കൊപ്പം കൗൺസിലർ സ്ഥാനം കൂടി സൗമിനി രാജി വയ്ക്കാൻ സാധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നു. മേയറെ മാറ്റിയാൽ തങ്ങളും രാജിവയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രണ്ടു വനിതാകൗൺസിലർമാർ ഇപ്പോഴും അതേ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് നേതൃത്വത്തിന് തലവേദനയാകും. സൗമിനിക്ക് പകരം മുൻ നഗരാസൂത്രണ സമിതി അദ്ധ്യക്ഷയായ ഷൈനി മാത്യുവിനെ മേയറാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് മറ്റു ചില കൗൺസിലർമാരും രാജിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്.
മറ്റ് മൂന്ന് സ്ഥിരംസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്ത മാസം നടക്കും. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാലു സ്ഥിരംസമിതികളുടെയും നിലനിൽപ്പ്.
ജനുവരിയിൽ സ്ഥാനം ഒഴിയാനാണ് മേയറുടെ തീരുമാനം
സ്ഥിരംസമിതി അദ്ധ്യക്ഷയായ ഗ്രേസി ജോസഫ് ഈ മാസം ഒടുവിൽ രാജിവയ്ക്കും
നഗരാസൂത്രണ സമിതിയിലെ രണ്ട് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 23 ന്
മാമംഗലം ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പും അടുത്ത മാസം