കൊച്ചി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ 2019 ലെ ദേശീയ ബാലചിത്ര രചനാ മത്സരരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ ഇന്ന് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ 9.30 ന് കേരളാ ലളിതകലാ അക്കാഡമി മുൻ ചെയർമാനും പ്രശസ്ത ചിത്രകാരനുമായ സത്യപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ് .അരുൺകുമാർ അദ്ധ്യക്ഷനാകും.ചിത്ര രചന വിഷയങ്ങൾ മത്സരസമയത്ത് അറിയിക്കും. നിശ്ചിത അളവിലുള്ള പേപ്പർ സംഘാടകർ നൽകും. പേസ്റ്റൽ, ക്രയോൺ, വാട്ടർകളർ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
ജനറൽ വിഭാഗത്തിൽ 5 മുതൽ 9 വയസുവരെയും, 10 മുതൽ 16 വരെയും രണ്ട് ഗ്രൂപ്പുകളും, ഭിന്നശേഷിവിഭാഗത്തിൽ 5 മുതൽ 10 വയസുവരെയും, 11 മുതൽ 18 വയസു വരെയും രണ്ട് പ്രത്യേകഗ്രൂപ്പുകളും, അനുബന്ധ ഉപഗ്രൂപ്പുകളും ഉണ്ടായിരിക്കും. ഭിന്നശേഷിവിഭാഗക്കാർ അതിനുള്ള സർട്ടിഫിക്കറ്റും, വയസ് തെളിയിക്കുന്ന രേഖകളും കൂടി കൊണ്ടുവരണമെന്ന് ജില്ലാ ശിശുക്ഷേമസമിതി അറിയിച്ചു.