കൊച്ചി: കൊച്ചിയെ സ്മാർട്ടാക്കി മാറ്റുന്നതിനുള്ള കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി അടുത്ത മാർച്ച് 31 ന് അവസാനിക്കാനിരിക്കെ പദ്ധതിയുടെ മെല്ലെപ്പോക്കിന് പരസ്പരം കുറ്റപ്പെടുത്തി കോർപ്പറേഷനും സ്മാർട്ട് കൊച്ചി മിഷൻ ലിമിറ്റഡും ( സി.എസ്.എം.എൽ ) .

നഗരസഭയിലെ ഭരണപരമായ അനിശ്ചിതത്വം കാലതാമസത്തിന് കാരണമാകുന്നുവെന്ന് സി.എസ്.എം.എൽ അധികൃതർ കുറ്റപ്പെടുത്തുമ്പോൾ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയർ സൗമിനി ജെയിൻ തിരിച്ചടിച്ചു.

അഞ്ചാം റാങ്ക് നേടി സ്മാർട്ട് സിറ്റി പട്ടികയിൽ ഇടം നേടിയ കൊച്ചി ഇപ്പോൾ രണ്ടാം ഘട്ടത്തിൽ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തേക്കാൾ ഏറെ പിന്നിലാണ്. പദ്ധതി വേഗത്തിലാക്കുന്നതിനായി ആഗസ്റ്റിൽ നടന്ന സ്പെഷ്യൽ കൗൺസിൽ നിരവധി പരിപാടികൾക്ക് രൂപം നൽകിയെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.

# സ്മാർട്ട് സിറ്റി പദ്ധതികൾ

ആകെ പദ്ധതികൾ 44
ആകെ പദ്ധതി തുക 2076 കോടി രൂപ
ഇതിൽ സി.എസ്.എം.എല്ലിന് ലഭിക്കുന്നത് 1000 കോടി ( കേന്ദ്ര ,സംസ്ഥാന വിഹിതമായി 500 വീതം )
ഇതുവരെ കരാർ നൽകിയ പദ്ധതികൾ 18
കരാർ അനുസരിച്ച് ജോലി ആരംഭിച്ച പദ്ധതികൾ 15

# പണം പാഴാകില്ലെന്ന് സി.എസ്.എം.എൽ

ഈ 31 നുള്ളിൽ എല്ലാ പദ്ധതികളുടെയും ടെൻഡർ നടപടികൾ പൂർത്തിയാകും. മാർച്ചിൽ പദ്ധതികൾ അവാർഡ് ചെയ്യും. സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി അവസാനിച്ചാലും തുടക്കമിട്ട സംരംഭങ്ങൾ പൂർത്തീകരിക്കുന്നതിന് തടസമുണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകി.

#ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന് പ്രതിപക്ഷം

കേന്ദ്രവിഹിതമായി 196 കോടിയും സംസ്ഥാനവിഹിതമായി 200കോടിയും സ്മാർട്ട് സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പദ്ധതികൾ നടപ്പാക്കേണ്ടത്. എന്നാൽ സമയബന്ധിതമായി പദ്ധതികൾക്ക് അംഗീകാരം നൽകാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഭരണപരമായ അനിശ്ചിതാവസ്ഥയാണ് കാരണം. എറണാകുളം മാർക്കറ്റ് നവീകരണ പദ്ധതി , ഭവനപദ്ധതി എന്നിവ തടസപ്പെട്ടു. മുല്ലശ്ശേരി കനാൽ,മാർക്കറ്റ് കനാൽ,കൽവത്തി കനാൽ എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായി 40 കോടി രൂപയുടെ പദ്ധതി പാഴാകുന്ന അവസ്ഥയിലാണ്. വെള്ളക്കെട്ടിനും കൊതുകു ശല്യത്തിനുമൊക്കെ പരിഹാരം കാണാൻ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഭരണക്കാരുടെ അലംഭാവം മൂലം ഇല്ലാതാകുന്നത്. നഗരസഭയുടെ മുന്നിലൂടെ കടന്നു പോകുന്ന പാർക്ക് അവന്യു റോഡിന്റെ നവീകരണത്തിനായി കൗൺസിൽ അംഗീകാരം നൽകാൻ കഴിയാത്തത് കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. സ്മാർട്ട് സിറ്റിയുടെ മെല്ലെപ്പോക്കിന് കോർപ്പറേഷന് ഉത്തരവാദിത്തമില്ലെന്ന മേയറുടെ പ്രസ്താവന ഭരണപരമായ പരാജയം മറച്ചു വയ്ക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി,എൽ.ഡി.എഫ് പാർലിമെന്ററി സെക്രട്ടറി വി.പി ചന്ദ്രൻ എന്നിവർ കുറ്റപ്പെടുത്തി

# ആരോപണം അടിസ്ഥാനരഹിതം

അതീവഗൗരവത്തോടെയാണ് സി.എസ്.എം.എൽ സമർപ്പിക്കുന്ന പദ്ധതികളെ സമീപിക്കുന്നത്. പദ്ധതികൾ താമസിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമങ്ങളും ഉണ്ടായിട്ടില്ല. പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും ആവശ്യമായ പ്രാതിനിധ്യം നൽകാതെ കുറ്റങ്ങൾ മാത്രം കോർപ്പറേഷന്റെ മേൽ ചുമത്തുന്നത് അംഗീകരിക്കില്ല.

മേയർ സൗമിനി ജെയിൻ