ആലുവ: പ്രളയദുരിതത്തിൽ പ്പെട്ട ആലുവയിലെ വ്യാപാരി സമൂഹത്തിന് പുത്തൻ ഉണർവ് നൽകാൻ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം 'ആലുവ 2020' ഡിസംബർ 15 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് പ്രസിഡന്റ് ഇ.എം. നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
'ആലുവ 2020' ലോഗോ ആലുവ മീഡിയ ക്ലബിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പ്രകാശനം ചെയ്തു. ഡിസംബർ 15ന് ആലുവ മുനിസിപ്പൽ ഫ്‌ളഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അഖില കേരള ഫുട്‌ബോൾ ടൂർണമെന്റോടെ ആഘോഷങ്ങൾ ആരംഭിക്കും. ഇതോടനുബന്ധിച്ച് വനിതകളും മർച്ചന്റ്‌സ് അസോസിയേഷൻ അംഗങ്ങളും അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും പങ്കെടുക്കുന്ന പ്രദർശന മത്സരവും നടക്കും. 17ന്‌ഐ.എം.എയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടക്കും. ഇതോടൊപ്പം രക്തദാന സേനയുടെ രൂപീകരണവും നടക്കും.
26ന് വൈകിട്ട് 6.30ന് ടൗൺ ഹാളിന് മുമ്പിൽ അഖില കേരള വടംവലി മത്സരം നടക്കും. 27ന് വൈകിട്ട് നാലിന് താളമേളങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഇതോടൊപ്പം ടൂവീലർ ഫാൻസി ഡ്രസ് മത്സരവും നടക്കും. 31ന് മുനിസിപ്പൽ ടൗൺ ഹാളിൽ കുടുംബ സംഗമം നടക്കും. തുടർന്ന് മെഗാ ഷോ അരങ്ങേറും. കൊച്ചിയിലെ പുതുവത്സര കാർണിവലിന് സമാനമായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്വാഗതസംഘം ജനറൽ കൺവീനർ ലത്തീഫ് പൂഴിത്തറ, ട്രഷറർ ജോണി മൂത്തേടൻ, എം.കെ. പത്മനാഭൻ നായർ, കെ.സി. ബാബു, അജ്മൽ കാമ്പായി, സി.ഡി. ജോൺസൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.