പറവൂർ : ഒന്നര വർഷം മുമ്പ് നടന്ന ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽ.ഡി.എഫിനൊപ്പം നിന്ന കോൺഗ്രസ് പതിനാറാം വാർഡ് അംഗം കെ.എം. അമീറിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആറ് വർഷത്തേക്ക് അയോഗ്യനാക്കി. കോൺഗ്രസിലെ മുൻ ധാരണപ്രകാരം മുൻ പ്രസിഡന്റ് എം.പി. പോൾസൻ രാജിവച്ചു. പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച എ.ഐ. നിഷാദിതിനെതിരെ എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അമീർ മത്സരിച്ചു. വിപ്പ് ലംഘിച്ച് നിഷാദിനെതിരെ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതോടെ നിഷാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി. പോൾസൺ നൽകിയ പരാതിയെത്തുടർന്നാണ് അമീറിനെ അയോഗ്യനാക്കി തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടത്. അടുത്തിടെ നിഷാദിനെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ അമീർ യു.ഡി.എഫിന് അനുകൂലമായി നിലപാടെടുത്തിരുന്നു. പഞ്ചായത്ത് അംഗ സ്ഥാനം നഷ്ടമാകുന്ന അമീറിന് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും ഒരു സ്വതന്ത്രനുമുണ്ട്..