ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരം മാലിന്യ മുക്തമാക്കുന്നതിനായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്ക് നഗരം ഒരുങ്ങി.

3080 വീടുകളിൽ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയ്ക്ക് തുടക്കമായതായി നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരനും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപും അറിയിച്ചു. വീടുകളിലെ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനായി സബ്‌സിഡ് നിരക്കിൽ ബയോ ഡൈജസ്റ്റർ പോട്ട്, റിംഗ് കംപോസ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് വിതരണം ചെയ്യുന്നത്. തുമ്പൂർമുഴി, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് എന്നിവ ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കും. ഇതിനായി നഗരസഭ 15 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങുന്നത്. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ സഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും ആരോഗ്യ വിഭാഗം സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 40ഓളം വ്യക്തികൾക്കെതിരെയും, സ്ഥാപനങ്ങൾക്കെതിരെയും കേസെടുക്കുകയും 40,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപ് പറഞ്ഞു.

15 മുതൽ വാർഡ് സഭകൾക്ക് തുടക്കമാകും

പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഈ മാസം 15 മുതൽ വാർഡ് സഭകൾ നടക്കും.

ഗാർഹീക മാലിന്യ സംസ്‌കരണ ഉപാധികൾ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം നഗരസഭയിൽ നിന്നും ലഭിക്കുന്നതാണന്നും, പൂരിപ്പിച്ച അപേക്ഷ ഫോറം ഈ മാസം 15 മുതൽ ആരംഭിക്കുന്ന വാർഡ് സഭകളിൽ എത്തിക്കണമെന്നും ചെയർപേഴ്‌സൺ ഉഷ ശശീധരൻ പറഞ്ഞു.

3080 വീടുകളിൽ നടപ്പിലാക്കുന്നു

38 ലക്ഷം രൂപ നഗരസഭ വകയിരുത്തി