വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വീണ്ടും ഉപരോധ സമരം നടത്തി. പ്രവർത്തനരഹിതമായ മോട്ടോർ അറ്റകുറ്റപണി നടത്തി ജലവിതരണം പുനരാരംഭിക്കുമെന്ന് നേരത്തേ നൽകിയ ഉറപ്പ് പാലിക്കാത്തതിനാലാണ് ഉപരോധം നടത്തിയത്.കഴിഞ്ഞ ആഴ്ചയിൽ പറവൂർ വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചിരുന്നു.
എക്‌സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശം സമരക്കാർക്കൊപ്പം സന്ദർശിച്ചു. ശാശ്വത നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായി സമരക്കാർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്.സോളിരാജ് , പഞ്ചായത്ത് അംഗങ്ങളായ ഷെറി ആന്റണി, ഷൈനി പോൾസൺ, ചന്ദ്രമതി സുരേന്ദ്രൻ, സുനിത പ്രസാദ്, പ്രവർത്തകരായ പി.ബി.സുധി, പോൾസൺ അച്ചാരുപറമ്പിൽ, ആന്റണി.ഇ.ജെ., മിനി എന്നിവർ പങ്കെടുത്തു.